Site iconSite icon Janayugom Online

ഹരിയാനയിലെ പരാജയത്തിന് കാരണം കോൺഗ്രസ് നേതാക്കളുടെ അഹങ്കാരം: പി സന്തോഷ് കുമാർ എം പി

പ്രത്യയശാസ്ത്ര നിലപാടുകളെ അട്ടിമറിക്കാനോ ഇല്ലാതാക്കാനോ ഒരു കൊലപാതകത്തിനും കഴിയില്ല എന്നതിന്റെ തെളിവാണ് ധീരരക്തസാക്ഷി കെഎം ഭവദാസ് ഉയർത്തിപ്പിടിച്ച ആശയങ്ങൾ ഇന്നും വ്യക്തതയോടെ നിലകൊള്ളുന്നതെന്ന് സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗം പി സന്തോഷ് കുമാർ എം പി പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവ് എന്ന നിലയിൽ കളങ്കമില്ലാത്ത പ്രവർത്തനമായിരുന്നു പി ശങ്കർ നടത്തിയതെന്നും അദ്ദേഹം അനുസ്മരിച്ചു. സിപിഐ പാലക്കാട്-മലമ്പുഴ മണ്ഡലം കമ്മിറ്റികൾ സംയുക്തമായി ഒലവക്കോട് ജംഗ്ഷനിൽ സംഘടിപ്പിച്ച പി ശങ്കർ‑കെ എം ഭവദാസ് അനുസ്മരണത്തിന്റെ ഭാഗമായി ഒലവക്കോട് ജംഗ്ഷനിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം, മതം പറഞ്ഞുള്ള രാഷ്ട്രീയവുായി ഒരു കക്ഷികൾക്കും ഏറെ നാൾ മുന്നോട്ടുപോവാൻ ആവില്ലെന്നുും അദ്ദേഹം പറഞ്ഞു. ബിജെപിയെ തോൽപ്പിക്കാൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒന്നിച്ചത് മികച്ച നേട്ടമാണ് നൽകിയത്. 

എന്നാൽ ഹരിയാന ഉപതെരഞ്ഞെടുപ്പിൽ, ബിജെപിയെ തോൽപ്പിക്കാൻ സാഹചര്യം ഉണ്ടായിട്ടും നടക്കാതെ പോയതിന് കരാണം ചില കോൺഗ്രസ് നേതാക്കളുടെ അഹങ്കാരവും വിട്ടുവീഴ്ചയില്ലായ്മയുമാണെന്നും അദ്ദേഹം പറഞ്ഞു. ജന്മിമാർക്കും ഭുമാഫിയകൾക്കും ഗുണ്ടകൾക്കും എതിരെ പോരാടി ഏറ്റവും കൂടുതൽ രക്തസാക്ഷികളെ സൃഷ്ടിക്കേണ്ടി വന്ന പാർട്ടിയാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയെന്നും അതുകൊണ്ടുതന്നെ വർഗ്ഗീയ കക്ഷികൾക്ക് നിലനിൽപ്പുണ്ടാവില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം വി. ചാമുണ്ണി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. പി സുരേഷ് രാജ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ വിജയൻ കുനിശ്ശേരി, ടി സിദ്ധാർത്ഥൻ, സുമലത മോഹൻദാസ് എന്നിവർ സംസാരിച്ചു. സി പി ഐ പാലക്കാട് മണ്ഡലം സെക്രട്ടറി മുരളി കെ താരേക്കാട് സ്വാഗതവും ജില്ലാ കൗൺസിൽ അംഗം ടിഎസ് ദാസ് നന്ദിയും പറഞ്ഞു. 

Exit mobile version