Site iconSite icon Janayugom Online

കലയെ കാരുണ്യത്തിനുള്ള ഉപാധിയാക്കണം: മുഖ്യമന്ത്രി പിണറായി വിജയന്‍

മാറുന്ന കാലത്തിലേക്ക് പിടിച്ച കണ്ണാടിയാണ് കേരള സ്കൂൾ കലോത്സവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവം കോഴിക്കോട് വെസ്റ്റ് ഹിൽ വിക്രം മൈതാനിയിലെ ‘അതിരാണിപ്പാടം’ വേദിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതിക്കും മതത്തിനും അതീതമാണ് കല. വാണിജ്യവത്കരണം കലയുടെ പല മൂല്യങ്ങളും ഇല്ലാതാക്കി. കുട്ടികൾ മുതിർന്നവർക്ക് മാതൃകയാകണം. കലയുടെ പുരോഗമനോന്മുഖമായ ലോകം കെട്ടിപ്പടുക്കണം. കലയെ കാരുണ്യത്തിനുള്ള ഉപാധിയാക്കണം. സ്നേഹം കൊണ്ട് എല്ലാവരേയും ഒരുമിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കേരളത്തിലെ പല കലാരൂപങ്ങളും കാലാനുസൃതമായി നവീകരിക്കപ്പെട്ടു. വിദ്യാർത്ഥികളുടെ കലാ പ്രകടനങ്ങൾ അരങ്ങേറുന്ന വേദി എന്നതിനപ്പുറം സാമൂഹ്യ വിമർശനത്തിന്റെയും നവീകരണത്തിന്റെയും ചാല് കീറുന്നതിനായി പുതുതലമുറ വിവിധ കലകളെ ഉപയോഗപ്പെടുത്തുന്ന സാംസ്കാരിക കൂട്ടായ്മയായി കലോത്സവം മാറുകയാണ്. ഈ പ്രത്യേകത കൊണ്ടാണ് ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായി കേരള സ്കൂൾ കാലോത്സവം മാറിയത്. കേരളത്തിന്റെ വൈവിധ്യമാർന്ന കലാപ്രകടനങ്ങളുടെ പരിഛേദമായിരിക്കും കലോത്സവ വേദിയിൽ കാണാൻ സാധിക്കുക. അന്യം നിന്നുപോകുന്ന കലകളെ സംരക്ഷിക്കുന്നതിനും കലോത്സവം വേദിയാകുകയാണ്. 

കുട്ടികളുടെ സർഗ്ഗ വാസനകൾ അവതരിപ്പിക്കുമ്പോൾ ആ പ്രകടനങ്ങളിൽ സന്തോഷിക്കാൻ എല്ലാവർക്കും സാധിക്കണം. എണ്ണംകൊണ്ട് 61 ആണെങ്കിലും സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഐക്യകേരളത്തിന്റെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. കലയിലൂടെ സാമൂഹിക വിമർശനങ്ങൾ ഉയർത്തിക്കാണിക്കാനുള്ള വേദികൂടിയാണിത്. അതുകൊണ്ട് തന്നെയാണ് ഏഷ്യയിൽ തന്നെ ഏറ്റവും വലിയ കലാമേളയായി സംസ്ഥാന സ്കൂൾ കലാമേള ശ്രദ്ധിക്കപ്പെടുന്നത്. 14,000‑ത്തോളം കുട്ടികൾ പങ്കെടുക്കുന്ന മേളയായതിനാൽ എല്ലാവർക്കും സമ്മാനം നേടാൻ ആവില്ലെന്നും പങ്കെടുക്കാൻ പറ്റുന്നത് വലിയ നേട്ടമായി കാണണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, വനം വന്യ ജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, തുറമുഖ- പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു. നിയമസഭാ സ്പീക്കർ എ എൻ ഷംസീർ മുഖ്യപ്രഭാഷണം നടത്തി.

Eng­lish Summary;Art should be used as a tool for mer­cy: Chief Min­is­ter Pinarayi Vijayan
You may also like this video

Exit mobile version