Site iconSite icon Janayugom Online

അരുണിന് മുന്നില്‍ ഘടികാരങ്ങള്‍ തോറ്റില്ല; അന്നത്തെ വാര്‍ത്താതാരം ഇന്ന് ദുരന്തമുഖത്ത്

arunarun

വർഷങ്ങൾക്ക് മുമ്പ് സ്കൂളിലേക്ക് നടന്നുപോകുമ്പോൾ ഒപ്പമുള്ള കുട്ടികളെല്ലാം ബെല്ലടിച്ചു എന്നുപേടിച്ച് തിരക്കിട്ടോടാൻ തുടങ്ങുമ്പോൾ അരുൺ പറയും ‘തിരക്കിടേണ്ട, ബെല്ലടിക്കാൻ അഞ്ചു മിനിറ്റുകൂടിയുണ്ട്.’ അരുൺ പറഞ്ഞാൽ കുട്ടികൾക്ക് പിന്നെ ആശങ്കയില്ല. സമയമറിയാനും അറിയിക്കാനും അരുണിന് ഘടികാരങ്ങളുടെ ആവശ്യമില്ലെന്ന് അവർക്കറിയാമായിരുന്നു.
വർഷങ്ങൾക്ക് ശേഷം മൃതദേഹങ്ങളും ഗുരുതരമായി പരിക്കേറ്റവരെയും കൊണ്ട് ആംബുലൻസിനടുത്തേക്ക് ഓടുമ്പോൾ സമയമെത്രയായി എന്ന് അരുണിന് അറിയില്ലായിരുന്നു. ദയനീയ കാഴ്ചകൾ നിറയുന്ന ചൂരൽമല ദുരന്ത ഭൂമിയിൽ ആദ്യമായി സമയമറിയാനുള്ള തന്റെ കഴിവുകൾ താളം തെറ്റുന്നത് അരുൺ അറിഞ്ഞു. ചാർജ് തീർന്ന് മൊബൈൽ നിശ്ചലമായിരുന്നു. നോക്കാൻ കയ്യിൽ വാച്ചും ഉണ്ടായിരുന്നില്ല. പിന്നെ സമയത്തെ മറന്നു. വിലാപമുയരുന്ന ഭൂമിയിലെ രക്ഷാ പ്രവർത്തനത്തിനിടയിൽ സമയത്തിന് എന്ത് പ്രസക്തിയെന്ന് അരുൺ ചോദിക്കുന്നു. ‘പാലം തകർന്നതിനാൽ മൃതദേഹങ്ങൾ സ്ട്രക്ചറിൽ കയറിൽ കെട്ടിത്തൂക്കി പുഴ കടത്തുമ്പോഴാണ് അവിടെയെത്തിയത്. ഒരു നിമിഷം ഒന്നു പകച്ചു. പിന്നെ കർത്തവ്യത്തിലേക്ക് കടന്നു,’ ഫയർ ആന്റ് റെസ്ക്യു സർവീസിന് കീഴിലുള്ള ആപത് മിത്ര വോളണ്ടിയറായി ഉരുൾപൊട്ടലുണ്ടായ വയനാട് ചൂരൽമല പ്രദേശത്തെത്തിയ അരുൺ നമ്പിയാട്ടിൽ പറയുന്നു. 

കോഴിക്കോട് ഉള്ള്യേരി മുണ്ടോത്ത് സ്വദേശിയായ അരുൺ നമ്പിയാട്ടിലിന് സമയമറിയാൻ വാച്ചോ മൊബൈൽ ഫോണോ നോക്കേണ്ട ആവശ്യം ഉണ്ടായിട്ടില്ല. സമയം ഉള്ളിലുള്ളതുകൊണ്ട് ജീവിതത്തിൽ ഒരിക്കലും അരുൺ വാച്ച് കെട്ടിയിട്ടില്ല. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് അരുൺ സമയം പറഞ്ഞുതുടങ്ങിയത്. അന്തരീക്ഷത്തിലെ മാറ്റങ്ങൾ നോക്കി സമയം പറഞ്ഞ് വീട്ടുകാരെ അത്ഭുതപ്പെടുത്തി. പിന്നീടങ്ങോട്ട് ഘടികാരങ്ങളില്ലാതെ സമയം കൃത്യമായി അരുണിന്റെ കൈപ്പിടിയിൽ ഒതുങ്ങി. ചൂരൽമലയിലെത്തുന്നതുവരെ താൻ പറയുന്ന സമയം തെറ്റാറുണ്ടായിരുന്നില്ലെന്ന് അരുൺ പറയുന്നു. 

സമയത്തെ സ്വയം വരിച്ച അരുണിന് ജീവകാരുണ്യ പ്രവർത്തനങ്ങളും സ്വയം സമർപ്പിതമാണ്. അങ്ങനെയാണ് ആപത് മിത്ര വോളണ്ടിയറാവുന്നത്. ദുരന്തസമയങ്ങളിൽ അഗ്നിരക്ഷാ സേനാംഗങ്ങളെ സഹായിക്കുകയാണ് ആപത് മിത്ര വോളണ്ടിയർമാരുടെ ദൗത്യം.
ആദ്യ ബാച്ചിൽ 28 പേരടങ്ങുന്ന സംഘമായിരുന്നു വയനാട്ടിലേക്ക് പോയത്. തുടർന്ന് കൂടുതൽ സംഘങ്ങളെത്തി. കല്പറ്റ ഫയർ സ്റ്റേഷനടുത്തുള്ള എൻഎസ്എസ് സ്കൂളിലായിരുന്നു താമസം. താമസിച്ചിരുന്ന സ്കൂളിലേക്കും ദുരന്തഭൂമിയിലേക്കും ആരെല്ലാമോ ഭക്ഷണവുമായെത്തും. ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകളില്ലാതെ പരസ്പരം മനുഷ്യർ താങ്ങായി മാറുന്ന കാഴ്ചയാണ് ചുറ്റിലുണ്ടായിരുന്നതെന്നും അരുൺ പറയുന്നു. സംസ്ഥാന സർക്കാരിന്റെ യുവജന ക്ഷേമ ബോർഡ് വോളണ്ടിയർ, റെഡ് ക്രോസ് വോളണ്ടിയർ, ഉള്ള്യേരി പഞ്ചായത്ത് റാപ്പിഡ് റെസ്പോൺസ് ടീം അംഗം, ഹോപ്പ് ബ്ലഡ് ഡോണറീസ് ഗ്രൂപ്പ് മെമ്പർ എന്നീ നിലകളിലും പ്രവർത്തിക്കുന്നു. രക്തദാനത്തിന്റെ മഹത്വം മനസിലാക്കിയ ഈ യുവാവ് തുടർച്ചയായി 23 തവണയാണ് രക്തദാനം നടത്തിയത്. ഉള്ള്യേരി മുണ്ടോത്ത് നമ്പിയാട്ടിൽ സദാനന്ദൻ- അനിത ദമ്പതികളുടെ മകനാണ് അരുൺ. സഹോദരി അർച്ചന.

Eng­lish Sum­ma­ry: Arun, the boy tells time with­out look­ing watch at the dis­as­ter premises

You may also like this video

Exit mobile version