Site iconSite icon Janayugom Online

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ്; തെളിവ് എവിടെ?

ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിലേക്ക് നയിച്ച തെളിവുകളും മൊഴികളും ഇഡി നിലപാടുകളും ചോദ്യം ചെയ്ത് സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരുള്‍പ്പെട്ട ബഞ്ചാണ് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിനോട് വാദത്തിനിടെ വിമര്‍ശനങ്ങളോടെ വിശദീകരണം തേടിയത്.
കെജ്‌രിവാളിന്റെ അറസ്റ്റിന് കാരണമായി ഇഡി ഉയര്‍ത്തിക്കാട്ടിയ തെളിവുകളും മൊഴികളുമാണ് സുപ്രീം കോടതി സൂക്ഷ്മമായി പരിശോധിച്ചത്. തെലുങ്കുദേശം പാര്‍ട്ടി ലോക്‌സഭാ സ്ഥാനാര്‍ത്ഥി എം ശ്രീനിവാസലു റെഡ്ഡിയുടെ മകന്‍ രാഘവ എം റെഡ്ഡിയുടെ മൊഴി ഇഡി കോടതിയില്‍ വായിച്ചപ്പോളായിരുന്നു കോടതിയുടെ ഈ നീക്കം.
ആദ്യ മൊഴിയില്‍ കെജ്‌രിവാളിനെതിരെ ഒന്നും പറയാതിരുന്ന റെഡ്ഡി കേസില്‍ മാപ്പുസാക്ഷി ആയതോടെ എങ്ങനെയാണ് അദ്ദേഹത്തിനെതിരെ മൊഴി നല്‍കിയത്. ഇതില്‍ ഏത് മൊഴിയാണ് വിശ്വസനീയം. ആദ്യ മൊഴി അവിശ്വസിക്കാനും കെജ്‌രിവാളിനെതിരെ പറഞ്ഞ രണ്ടാമത്തെ മൊഴി വിശ്വാസത്തില്‍ എടുക്കാനും എന്താണ് കാരണമായി ചൂണ്ടിക്കാട്ടാനുള്ളത്. ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവിനോട് കോടതി ആരാഞ്ഞു.
സാക്ഷി മൊഴികളുടെ കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനാണ് തീരുമാനം എടുക്കേണ്ടത്. അത് കോടതിക്ക് ചോദ്യം ചെയ്യാന്‍ കഴിയില്ലെന്ന് രാജു മറുപടി നല്‍കിയതോടെ വീണ്ടും കൃത്യത വരുത്താന്‍ ജസ്റ്റിസ് ദത്ത അടുത്ത ചോദ്യം ഉന്നയിച്ചു. കേസിന്റെ ഫയലില്‍ ഇക്കാര്യം പരമാര്‍ശിക്കുന്നുണ്ടോ. ഏത് മൊഴി എന്ത് അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ വിശ്വാസത്തില്‍ എടുത്തു എന്നതിന് രേഖപ്പെടുത്തലുകള്‍ ഇല്ലെന്നായിരുന്നു എസ്‌വി രാജുവിന്റെ മറുപടി .
കേസിലെ മാപ്പു സാക്ഷികളുടെ മൊഴികള്‍ വ്യത്യസ്തമായ അളവു കോലില്‍ വേണം വിലയിരുത്താന്‍. മാത്രമല്ല മൊഴികള്‍ മറ്റുള്ള സംഗതികളുമായി ഒത്തു പോകുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. കെജ്‌രിവാളിന്റെ കേസില്‍ മാത്രമല്ലിതെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
കെജ്‌രിവാളിനെ അറസ്റ്റു ചെയ്യുമ്പോള്‍ അതിന് സാധുത നല്‍കുന്ന തെളിവുകളും സാക്ഷിമൊഴികളും ഇഡി കൈവശം ഉണ്ടോ എന്നത് പരിശോധിക്കുമെന്ന് കോടതി പറഞ്ഞു. ഇഡി അന്വേഷണ ഉദ്യോഗസ്ഥന്‍ മൊഴികളും തെളിവുകളും പ്രതിക്ക് പ്രതികൂലമായവ മാത്രം പരിഗണിച്ച് അറസ്റ്റ് ചെയ്യുന്നതിലെ നിയമവശം ചൂണ്ടിക്കാട്ടിയ കോടതി പ്രതിക്ക് അനുകൂലമായ തെളിവുകളും മൊഴികളും ഒഴിവാക്കുന്ന ഇഡി നിലപാടും ചോദ്യം ചെയ്തത് വാദത്തിനിടെയുള്ള വഴിത്തിരിവായി.
കള്ളപ്പണ കേസില്‍ ഇഡി രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ കള്ളപ്പണ നിരോധന നിയമത്തിലെ 19-ാം വകുപ്പു പ്രകാരം പ്രതികളെ അറസ്റ്റു ചെയ്യാന്‍ അധികാരം നല്‍കുന്ന വകുപ്പ് ഇല്ലാതാക്കുമെന്ന സൂചനയും ബെഞ്ച് മുന്നോട്ടുവച്ചു. അറസ്റ്റിനു ശേഷം തെളിവുകള്‍ ശേഖരിക്കുകയും കേസിന് അനുകൂല മൊഴികള്‍ എടുക്കുന്നത് സംബന്ധിച്ചും കോടതി ഇഡിക്ക് എതിരെ വിമര്‍ശനം ഉയര്‍ത്തി. കെജ്‌രിവാളിന്റെ അറസ്റ്റിനു ശേഷം ശേഖരിച്ച രേഖകളും തെളിവുകളും നിലവിലെ കേസിനെ എതിര്‍ക്കുന്നതിനായി ആശ്രയിക്കാന്‍ അനുവദിക്കില്ലെന്നും കോടതി വാദത്തിനിടെ വ്യക്തമാക്കി.
ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജൂണ്‍ ഒന്നു വരെ കോടതി കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
——————–
ആര്‍ക്കും പ്രത്യേക പരിഗണന ഇല്ല
ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം നല്‍കിയതില്‍ പ്രത്യേക പരിഗണനയൊന്നും ഇല്ലെന്ന് സുപ്രീം കോടതി. എന്തുകൊണ്ടാണ് ജാമ്യം നല്‍കുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയും പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്താല്‍ തനിക്കു തിരിച്ചു ജയിലില്‍ പോവേണ്ടി വരില്ലെന്ന കെജ്‌രിവാളിന്റെ പ്രസംഗം ഇഡിക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. അത് കെജ്‌രിവാളിന്റെ വിലയിരുത്തല്‍ ആണെന്നും തങ്ങള്‍ക്ക് ഒന്നും പറയാനില്ലെന്നും ബെഞ്ച് പ്രതികരിച്ചു. 

Eng­lish Sum­ma­ry: Arvind Kejri­wal’s arrest; Where’s the proof?

You may also like this video

Exit mobile version