യുവകലാസാഹിതി ഷാർജ ‘കളിവീട് 2025’ സംഘടിപ്പിച്ചു. ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഷാർജയിലെയും തൊട്ടടുത്ത എമിറേറ്റുകളിലെയും 160ൽ പരം കുട്ടികൾ പങ്കെടുത്തു. മുൻ മന്ത്രിയും കോൺഗ്രസ്സ് നേതാവുമായ എം എം ഹസൻ സംസാരിച്ചു. ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസ്സാർ തളങ്കര ആശംസകൾ അറിയിച്ചു.
വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ, മുൻ പ്രസിഡന്റ് വൈ എ റഹിം, എൽവിസ് ചുമ്മാർ എന്നിവർ സന്നിഹിതരായിരുന്നു. കളിയും ചിരിയും വർത്തമാനവുമായി ആരംഭിച്ച ആദ്യ സെഷനിൽ തെങ്ങോല കൊണ്ട് വിവിധ കളിക്കോപ്പുകൾ ഉണ്ടാക്കുന്ന രീതികൾ പരിശീലിപ്പിച്ചത് കുട്ടികൾക്ക് വേറിട്ട അനുഭവം ആയിരുന്നു. ഫ്രൂട്ട്സ്, വെജിറ്റബിൾ കാർവിങ്, ഉറിഗാമി പരിശീലനം, മോൺസ്റ്റർ ഹണ്ടിങ്, പേഴ്സണാലിറ്റി ഡെവലപ്മെന്റ് എന്നിവയും പരിപാടിക്ക് മിഴിവേകി. യുവകലാസാഹിതി, വനിതകലാസാഹിതി, ബാലകലാസാഹിതി അംഗങ്ങൾ നേതൃത്വം നൽകി. കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

