Site iconSite icon Janayugom Online

ബിഹാറിൽ 100 സീറ്റുകളിൽ മത്സരിക്കുമെന്ന് അസദുദ്ദീൻ ഒവൈസി; സിപിഎമ്മിനു 3 സീറ്റ് ലഭിച്ചേക്കും

ഇന്ത്യാസഖ്യത്തിൽ ഇടം നിഷേധിച്ചതിൽ പ്രതിഷേധിച്ച് അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ 100 സീറ്റുകളിൽ മൽസരിക്കുമെന്നു പ്രഖ്യാപിച്ചു. ഇന്ത്യാസഖ്യത്തിന്റെ ന്യൂനപക്ഷ വോട്ടുബാങ്കിൽ വിള്ളലുണ്ടാക്കുന്നതാണു എഐഎംഐഎം നിലപാട്. ഇന്ത്യാസഖ്യത്തിൽ ഘടകകക്ഷിയാക്കണമെന്ന അഭ്യർഥനയുമായി എഐഎംഐഎം ഏറെനാളായി ആർജെഡി നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്തുകയായിരുന്നു. തീവ്രനിലപാടുള്ള എഐഎംഐഎമ്മിനെ സഖ്യത്തിൽ ഉൾപ്പെടുത്തുന്നതു വിപരീത ഫലമുളവാക്കുമെന്ന ആശങ്കയിലാണ് ആർജെഡി നേതൃത്വം വഴങ്ങാതിരുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉപേന്ദ്ര ഖുശ്വാഹയുടെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണിയുടെ ഭാഗമായി 20 സീറ്റുകളിൽ മൽസരിച്ച എഐഎംഐഎം അഞ്ചു സീറ്റുകളിൽ വിജയിച്ചിരുന്നു.

അതേസമയം, ഇന്ത്യാസഖ്യം സീറ്റു വിഭജനത്തിൽ സിപിഎമ്മിനെ മൂന്നു സീറ്റിൽ ഒതുക്കിയേക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നാലു നിയമസഭാ സീറ്റുകളിൽ മൽസരിച്ച സിപിഎം രണ്ടു സീറ്റുകളിൽ വിജയിച്ചിരുന്നു. രണ്ടു സിറ്റിങ് സീറ്റുകളും കഴിഞ്ഞ തവണ പരാജയപ്പെട്ട പിപ്ര സീറ്റും ഇത്തവണയും സിപിഎമ്മിനു നൽകും. കഴിഞ്ഞ തവണ സിപിഎം പരാജയപ്പെട്ട മതിഹാനി സീറ്റ് ഏറ്റെടുക്കാനാണ് ആർജെഡി നീക്കം. അടുത്തിടെ ജെഡിയുവിൽ നിന്ന് ആർജെഡിയിൽ ചേർന്ന ബോഗോ സിങ് മതിഹാനിയിൽ സ്ഥാനാർഥിയായേക്കും.

Exit mobile version