വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിഷേധം നടത്തിയ ആശാ വര്‍ക്കര്‍മാര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ട് ഉത്തര്‍ പ്രദേശ് പൊലീസ്. ഓണറേറിയവും റിസ്ക് അലവന്‍സും വര്‍ധിപ്പിക്കുക, കോവിഡ് ഡ്യൂട്ടിക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരത്തിനിറങ്ങിയ ആശ വര്‍ക്കര്‍മാര്‍ക്കെതിരെയായിരുന്നു പൊലീസ് അഴിഞ്ഞാട്ടം. പ്രതിഷേധക്കാരെ പൊലീസ് അതിക്രൂരമായി മര്‍ദ്ദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
ആശ ഹെല്‍ത്ത് വര്‍ക്കര്‍ യൂണിയന്റെ നേതൃത്വത്തിലാണ് സമരം നടത്തിയത്. എല്ലാ ജില്ലകളില്‍ നിന്നുമുള്ള ജീവനക്കാരും ഷാജഹാന്‍പുരിലെ പ്രതിഷേധ സ്ഥലത്ത് എത്തിയിരുന്നു. സംഭവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന നിരവധി വീഡിയോകളില്‍ ആശ വര്‍ക്കര്‍മാരെ വനിത പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നത് കാണാം. എന്നാല്‍ സമരത്തിനിടെ ചെറിയ സംഘര്‍ഷം മാത്രമാണ് ഉണ്ടായതെന്നാണ് പൊലീസ് ഭാഷ്യം.
മുഖ്യമന്ത്രി ആദിത്യനാഥ് പങ്കെടുക്കുന്ന റാലിയിലേക്ക് മാര്‍ച്ച് ആരംഭിച്ച സമയത്താണ് പൊലീസ് തങ്ങളെ അറസ്റ്റു ചെയ്തത്. ആദിത്യനാഥ് തിരികെ പോയപ്പോള്‍ വിട്ടയച്ചുവെന്നും ആശ വര്‍ക്കര്‍മാര്‍ പറയുന്നു. അതേസമയം പൊലീസ് നടപടിയ്ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ആശ വര്‍ക്കര്‍മാരെ തല്ലിച്ചതച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും വാക്സിന്‍ യജ്ഞം ബഹിഷ്കരിക്കുമെന്നും ആശ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. പൊലീസ് നടപടിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്.
English Summary : asha workers assaulted by police in up
You may also like this video :