സംസ്ഥാനത്തെ ആശ മാര്‍ക്ക് ഓണറേറിയം ലഭിക്കുന്നതിനു നിശ്ചയിച്ചിരുന്ന മാനദണ്ഡങ്ങള്‍ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. മാനദണ്ഡങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു.
നിലവില്‍ പ്രതിമാസം 7,000 രൂപയാണ് ഓണറേറിയം നിശ്ചയിച്ചിട്ടുള്ളത്. ഇത് ലഭിക്കുന്നതിന് നിശ്ചയിച്ചിരുന്ന 10 മാനദണ്ഡങ്ങളില്‍ അഞ്ചെണ്ണം പൂര്‍ത്തീകരിച്ചാല്‍ 7,000 രൂപ ലഭിച്ചിരുന്നു. എന്നാല്‍ ഇനിമുതല്‍ ഈ തുക അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഒഴിവാക്കിക്കൊണ്ടാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഭവന സന്ദര്‍ശനങ്ങള്‍ക്കും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കുമായി പ്രതിമാസം നല്‍കിവരുന്ന 3,000 രൂപ വരെയുള്ള ഫിക്സഡ് ഇന്‍സെന്റീവ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിലും ഇളവു വരുത്തി. ഫിക്സഡ് ഇന്‍സെന്റീവ് 2,000 രൂപയും പെര്‍ഫോമന്‍സ് ഇന്‍സെന്റീവ് 500 രൂപയും ഉള്‍പ്പെടെ 2,500 രൂപ ലഭിക്കുന്നവര്‍ക്ക് 7,000 രൂപ ഓണറേറിയത്തിന് അര്‍ഹതയുണ്ടായിരിക്കും. ഹാംലെറ്റ് ആശമാര്‍ക്ക് 2,000 ഫിക്സഡ് ഇന്‍സെന്റീവ് ലഭിച്ചാല്‍ 7,000 രൂപ ഓണറേറിയത്തിന് അര്‍ഹത ഉണ്ടായിരിക്കും. കൂടാതെ ഫിക്സഡ് ഇന്‍സെന്റീവ് 1,000 രൂപ ലഭിക്കുന്നവര്‍ക്ക് 3,500 രൂപ ഓണറേറിയത്തിനും അര്‍ഹത ഉണ്ടായിരിക്കും.
ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നേരത്തെ ആശമാര്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്നാണ് ആശമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ആരംഭിച്ചത്. ഫെബ്രുവരി 19ന് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍, ആശമാരുടെ ഇന്‍സെന്റീവ്, ഓണറേറിയം എന്നിവയുടെ മാനദണ്ഡങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലേയും നാഷണല്‍ ഹെല്‍ത്ത് മിഷനിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് മാനദണ്ഡങ്ങള്‍ ഭേദഗതി വരുത്തി ഉത്തരവായത്. സംസ്ഥാനത്തെ ആശമാരുടെ ഓണറേറിയം കഴിഞ്ഞ മാസം സര്‍ക്കാര്‍ കുടിശിക തീര്‍ത്ത് നല്‍കിയിരുന്നു.
അതേസമയം, സെക്രട്ടേറിയറ്റിന് മുന്നില്‍ തുടര്‍ന്നുവരുന്ന ആശമാരുടെ സമരം 36 ദിവസം പിന്നിട്ടു. സമരത്തിന്റെ ഭാഗമായി ഇന്നലെ സെക്രട്ടേറിയറ്റ് ഉപരോധിച്ചു. രണ്ടാം ഘട്ട സമരത്തിന്റെ ഭാഗമായി വ്യാഴാഴ്ച മുതല്‍ നിരാഹാര സമരവും പ്രഖ്യാപിച്ചിച്ചിട്ടുണ്ട്.