ഏഷ്യ‑പസഫിക് പര്യടനത്തിന്റെ ഭാഗമായി ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്തോനേഷ്യയിലെത്തി. ഇന്നലെ രാവിലെയോടെയാണ് അദ്ദേഹം രാജ്യതലസ്ഥാനമായ ജക്കാര്‍ത്തയിലെ സോകര്‍ണോ-ഹട്ട അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ഇന്തോനേഷ്യയ്ക്ക് പുറമേ, പാപുവ ന്യൂഗിനിയ, കിഴക്കന്‍ തൈമൂര്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളും മാര്‍പാപ്പ സന്ദര്‍ശിക്കും. മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്തോനേഷ്യയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നാല് ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി 9,000 പൊലീസുകാരെയും സൈനിക ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. ആരോഗ്യ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ മെഡിക്കല്‍ സംഘവും അദ്ദേഹത്തോടൊപ്പമുണ്ട്. ജക്കാര്‍ത്തയിലെ പ്രധാന കത്തോലിക്കാ ആരാധനാലയമായ ഔവര്‍ ലേഡി ഓഫ് ദി അസംപ്ഷന്‍ കത്തീഡ്രലും ഇസ്തിഖ്ലാല്‍ മോസ്‌കും സന്ദര്‍ശിക്കും. മസ്ജിദിലെ പ്രതിനിധികളുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തും. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോക്കോ വിഡോഡോയെയും സന്ദര്‍ശിക്കും.