Site iconSite icon Janayugom Online

ഏഷ്യൻ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ് നാളെ മുതൽ ആലപ്പുഴയിൽ

ഏഷ്യൻ പവർലിഫ്റ്റിങ് വനിത‑പുരുഷ വിഭാഗം ചാമ്പ്യൻഷിപ്പ് മേയ് ഒന്ന് മുതൽ ആറുവരെ ആലപ്പുഴ റമദ ഹോട്ടലിൽ നടക്കും. ഇറാൻ, ചൈനീസ് തായ്പേയ്, മംഗോളിയ, ഇന്ത്യോനേഷ്യ, കസാക്കിസ്ഥാൻ ഉസ്ബക്കിസ്ഥാൻ, കിർഗിസ്ഥാൻ, ഒമാൻ, ഫിലിപ്പൈൻസ്, ഹോംകോങ്, ആതിഥേയരായ ഇന്ത്യയടക്കം 11 രാജ്യങ്ങളിലെ 200ൽപരം കായികതാരങ്ങളും ഒഫിഷ്യൽസും പങ്കെടുക്കും. എട്ട് മലയാളികളടക്കം 76 താരങ്ങളുമായാണ് ഇന്ത്യൻ ടീം ഇറങ്ങുന്നത്.

ഇന്റർനാഷണൽ പവർലിഫ്റ്റിങ് ഫെഡറേഷൻ റീജനൽ ഘടകമായ ഇന്റർനാഷനൽ ഏഷ്യൻ പവർലിഫ്റ്റിങ് ഫെഡറേഷൻ, ദേശീയ ഫെഡറേഷനായ പവർലിഫ്റ്റിങ് ഇന്ത്യ, കേരള സ്റ്റേറ്റ് പവർലിഫ്റ്റിങ് അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറുവരെയാണ് മത്സരങ്ങൾ. വിവിധരാജ്യങ്ങളിൽനിന്ന് എത്തുന്നവർക്കായി കേരളീയകലാരൂപങ്ങൾ അവതരിപ്പിക്കും. പ്രകൃതിഭംഗി ആസ്വദിക്കാൻ കായൽയാത്രയും ഒരുക്കിയിട്ടുണ്ട്.

താരങ്ങൾക്ക് താമസസൗകര്യവും വൈവിധ്യമാർന്ന ഭക്ഷണവും താപനിയന്ത്രിത മത്സരവേദിയും റമദ ഹോട്ടലിലാണ് ഒരുക്കിയിട്ടുള്ളത്. മേയ് ഒന്നിന് വൈകിട്ട് ആറിന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം നിർവഹിക്കും. സംഘാടകസമിതി ചെയർമാൻ എ എം ആരിഫ് എംപി അധ്യക്ഷത വഹിക്കും.

ജില്ലാ കളക്ടർ ഹരിത വി കുമാർ, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി, ഏഷ്യൻ പവർലിഫ്റ്റിങ് ഫെഡറേഷൻ പ്രസിഡന്റ് ഫർഷിദ് സൊൽത്താനി എന്നിവർ പങ്കെടുക്കും. മേയ് ആറിന് വൈകിട്ട് നടക്കുന്ന സമാപനസമ്മേളനം മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും.

Eng­lish Sam­mury: Asian Pow­er­lift­ing Cham­pi­onship in Alap­puzha, tomor­row start

Exit mobile version