Site iconSite icon Janayugom Online

ഒരു ജില്ല മുഴുവൻ നൽകുകയാണോയെന്ന് ഹൈക്കോടതി ജഡ്ജി; സിമന്റ് ഫാക്ടറിക്കായി ബിജെപി സർക്കാർ അദാനിക്ക് നൽകിയത് 81 മില്യൺ ചതുരശ്ര അടി ഭൂമി

സിമന്റ് ഫാക്ടറി നിർമാണത്തിന് അസം ബിജെപി സർക്കാർ അദാനിക്ക് നൽകിയത് 3,000 ബിഗ (ഏകദേശം 81 മില്യൺ ചതുരശ്ര അടി) ഭൂമി. സംഭവത്തിൽ ഹൈക്കോടതി ജഡ്ജി അസം സർക്കാറിനെ പരിഹസിക്കുന്ന വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ഇതൊരു തമാശയാണോയെന്നും നിങ്ങൾ ഒരു ജില്ല മുഴുവൻ നൽകുകയാണോയെന്നും ജസ്റ്റിസ് സഞ്ജയ് കുമാർ മേധി ചോദിച്ചു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ കീഴിലുള്ള അസമിലെ ബിജെപി സർക്കാർ വികസനമെന്ന പേരിൽ പൊതുവിഭവങ്ങൾ മെഗാ കോർപ്പറേറ്റുകൾക്ക് സമ്മാനമായി നൽകുകയാണെന്ന വിമർശനങ്ങൾക്ക് പിന്നാലെയാണ് സിമന്റ് ഫാക്ടറി നിർമാണത്തിനായി 3,000 ബിഗ ഭൂമി വിട്ടുകൊടുത്തിരിക്കുന്നത്.

സംഭവത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഭൂമിയുടെ അവകാശങ്ങൾക്കായി പോരാടുന്ന കർഷകർ, തൊഴിലിനായി ശ്രമിക്കുന്ന യുവാക്കൾ, ചെറുകിട ബിസിനസുകാർ തുടങ്ങിയ പൗരന്മാരുടെ താത്പര്യങ്ങളെ സർക്കാർ പരി​ഗണിക്കുന്നില്ലെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. കോടീശ്വരന്മാരെ സന്തോഷിപ്പിക്കുന്നതിനോടാണ് മുഖ്യമന്ത്രിക്ക് താത്പര്യമെന്നും അവർ ആരോപിച്ചു.

ഹിമന്ത ബിശ്വ ശർമ്മയ്ക്ക് ജയിൽ ശിക്ഷ നൽകണമെന്നാണ് ഒരു വിഭാ​ഗം ആളുകൾ ആവശ്യപ്പെടുന്നത്. ഈ കരാർ ഹിമാന്തയുടെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാനത്തിലേക്കുള്ള തുടക്കമായിരിക്കാമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Exit mobile version