Site iconSite icon Janayugom Online

അസം ഖാന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

സമാജ്‌വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ അസം ഖാന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജസ്റ്റിസ് എൽ നാഗേശ്വര റാവു അധ്യക്ഷനും ജസ്റ്റിസുമാരായ ബി ആര്‍ ഗവായി, എ എസ് ബൊപ്പണ്ണ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചാണ് ഉത്തരവിട്ടത്. ആര്‍ട്ടിക്കിള്‍ 142 പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.

87 കേസുകളില്‍ പ്രതിയായ അസം ഖാന്‍ ഏറെ നാളായി ജയിലില്‍ കഴിയുകയാണ്. ആടുകളെയും കന്നുകാലികളെയും മോഷ്ടിച്ചു, ഭൂമി തട്ടിപ്പ് എന്നുതുടങ്ങി വഞ്ചനാകേസുകള്‍വരെ ഇതില്‍ ഉള്‍പ്പെടും. 86 കേസുകളില്‍ ജാമ്യം ലഭിച്ചിട്ടും അവസാനത്തെ കേസില്‍ ജാമ്യാപേക്ഷയില്‍ മാസങ്ങളായിട്ടും തീര്‍പ്പുകല്പിക്കാത്ത അലഹബാദ് ഹൈക്കോടതിയുടെ നടപടിയെ സുപ്രീം കോടതി നേരത്തെ നിശിതമായി വിമര്‍ശിച്ചിരുന്നു.

തുടര്‍ന്ന് കഴിഞ്ഞയാഴ്ച കോടതി ജാമ്യം അനുവദിച്ചുവെങ്കിലും യുപി പൊലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതോടെയാണ് സുപ്രീം കോടതി ഭരണഘടനാപരമായ പ്രത്യേക അധികാരം ഉപയോഗിച്ച് ജാമ്യം നല്‍കിയത്. സാധാരണ ജാമ്യത്തിനായി കീഴ്കോടതികളെ സമീപിക്കണമെന്നും അസം ഖാന് നിര്‍ദേശം നല്‍കി.

Eng­lish sum­ma­ry; Assam Khan grant­ed bail by Supreme Court

You may also like this video;

Exit mobile version