Site icon Janayugom Online

പുടിനെതിരെ വധശ്രമം

പ്രസിഡന്റ് വ്ലാദിമിര്‍ പുടിനെ വധിക്കാന്‍ ഉക്രെയ‍്ന്‍ ശ്രമം നടത്തിയതായി റഷ്യ. ആക്രമണത്തിന് ഉപയോഗിച്ച രണ്ട് ഡ്രോണുകൾ വെടിവച്ചിട്ടതായും റഷ്യ അറിയിച്ചു. ബുധനാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. എന്നാല്‍ വധശ്രമ ആരോപണം ഉക്രെയ‍്ന്‍ നിഷേധിച്ചു.

ഡ്രോണുകളുടെ അവശിഷ്ടങ്ങൾ ചിതറി തെറിച്ചെങ്കിലും ആർക്കും പരിക്കുകളോ കെട്ടിടങ്ങൾക്ക് കേടുപാടുകളോ സംഭവിച്ചിട്ടില്ല. ആക്രമണം നടന്ന സമയത്ത് പുടിൻ ക്രെംലിനിൽ ഉണ്ടായിരുന്നില്ലെന്നും മോസ്‌കോയ്ക്ക് പുറത്തുള്ള വസതിയിൽ ആയിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. ആക്രമണത്തെ ആസൂത്രിത തീവ്രവാദ പ്രവർത്തനമായാണ് റഷ്യ വിശേഷിപ്പിച്ചത്. തിരിച്ചടിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും റഷ്യ അവകാശപ്പെട്ടു. റഷ്യയുടെ വിക്ടറിദിന പരേഡ് ഈ മാസം ഒമ്പതിന് നടക്കാനിരിക്കെയാണ് ഡ്രോണ്‍ ആക്രമണമുണ്ടായത്.

ക്രെംലിനിലെ പുടിന്റെ വസതിക്ക് സമീപത്ത് പുക ഉയരുന്ന ദൃശ്യങ്ങള്‍ സാമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സൈന്യത്തിന്റെ വാർത്താ ഏജന്‍സിയായ സ്വെസ്ദയുടെ ചാനലിലും ഇതേ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തിരുന്നു. സ്ഥിരീകരിക്കാത്ത ഒരു വീഡിയോയില്‍ ക്രെംലിന്‍ സെനറ്റ് പാലസിന്റെ മേല്‍ക്കൂരയില്‍ തീ കത്തുന്ന ദൃശ്യങ്ങളുണ്ട്. റെഡ് സ്ക്വയറിന് മുകളിലൂടെ ഡ്രോണ്‍ ക്രെംലിന്‍ ലക്ഷ്യമാക്കി പറക്കുന്നതിന്റെ ദൃശ്യങ്ങള്‍ റഷ്യന്‍ പ്രാദേശിക ചാനലായ ടിവിസിയും പുറത്തുവിട്ടിട്ടുണ്ട്. ആക്രമണമുണ്ടായെങ്കിലും പുടിൻ തന്റെ പരിപാടികളില്‍ മാറ്റംവരുത്തിയിട്ടില്ലെന്നും ക്രെംലിൻ അറിയിച്ചു.

ആക്രമണത്തിന് പിന്നാലെ ഉക്രെയ‌്ന് തക്കതായ തിരിച്ചടി നല്‍കുമെന്ന് റഷ്യന്‍ പാര്‍ലമെന്റ് സ്പീക്കര്‍ വ്യാചെസ്ലാവ് വോളോദിന്‍ പറഞ്ഞു. അതേസമയം, ആരോപണം തള്ളി ഉക്രെയ്ൻ രംഗത്തെത്തി. ഡ്രോൺ ആക്രമണവുമായി ബന്ധമില്ലെന്നും റഷ്യ ഇതിന്റെ പേരില്‍ കൂടുതല്‍ ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്നും ഉക്രെയ്ൻ വക്താവ് മൈഖൈയ്‌ലോ പൊഡോലിക് പറഞ്ഞു.

Eng­lish Sam­mury: Assas­si­na­tion attempt on Putin, Warn­ing of retaliation

Exit mobile version