Site icon Janayugom Online

നിയമസഭാ സമ്മേളനം ജനുവരി 25 മുതൽ; ബജറ്റ് ഫെബ്രുവരി 5ന്

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം 25ന് ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ അറിയിച്ചു. മാർച്ച് 27 വരെ ആകെ 32 ദിവസം സഭ ചേരും. ജനുവരി 29, 30, 31 തീയതികൾ ഗവർണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചർച്ച നടക്കും. ഫെബ്രുവരി അഞ്ചിനാണ് 2024–25 വർഷത്തെ ബജറ്റ് അവതരിപ്പിക്കുക.

ആറ് മുതൽ 11 വരെ തീയതികളിൽ സഭ ഉണ്ടാകില്ല. 12 മുതൽ 14 വരെ ബജറ്റിന്മേലുള്ള പൊതുചർച്ച. ധനാഭ്യർത്ഥനകളുടെ സൂക്ഷ്മപരിശോധനയ്ക്കായി 15 മുതൽ 25 വരെയുള്ള കാലയളവിൽ സബ‌്ജക്ട് കമ്മിറ്റികൾ യോഗം ചേരും. 26 മുതൽ മാർച്ച് 20 വരെ 13 ദിവസം, 2024–25 സാമ്പത്തിക വർഷത്തെ ധനാഭ്യർത്ഥനകൾ വിശദമായി ചർച്ച ചെയ്ത് പാസാക്കുന്നതിനായും നീക്കിവച്ചിട്ടുണ്ട്.

2023–24 സാമ്പത്തികവർഷത്തെ അന്തിമ ഉപധനാഭ്യർത്ഥനകളെ സംബന്ധിക്കുന്നതും 2024–25 സാമ്പത്തികവർഷത്തെ ബജറ്റിനെ സംബന്ധിക്കുന്നതുമായ ധനവിനിയോഗബില്ലുകൾ ഈ സമ്മേളനത്തിൽ പാസാക്കേണ്ടതുണ്ട്. നിലവിലുള്ള കലണ്ടർ പ്രകാരം ഗവണ്മെന്റ് കാര്യത്തിനായി അഞ്ച് ദിവസവും അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങൾക്കായി നാല് ദിവസവും നീക്കിവച്ചിട്ടുണ്ട്.

എട്ട് ബില്ലുകള്‍

ഓര്‍ഡിനന്‍സിന് പകരമുള്ളവ ഉള്‍പ്പെടെ എട്ട് ബില്ലുകള്‍ പതിനഞ്ചാം കേരള നിയമസഭയുടെ 10-ാം സമ്മേളനത്തില്‍ പരിഗണിക്കും. 2024ലെ കേരള സംസ്ഥാന ചരക്കു സേവന നികുതി (ഭേദഗതി) ബിൽ, 2024ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബിൽ, 2024ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബിൽ എന്നിവയാണ് ഓർഡിനൻസിനു പകരമുള്ള ബില്ലുകൾ.
2023ലെ കേരള വെറ്ററിനറിയും ജന്തുശാസ്ത്രവും സർവകലാശാല (ഭേദഗതി) ബിൽ, കേരള കന്നുകാലി പ്രജനന (ഭേദഗതി) ബിൽ,ക്രിമിനൽ നടപടി നിയമസംഹിത (കേരള രണ്ടാം ഭേദഗതി) ബിൽ, കേരള പൊതുരേഖ ബിൽ, 2024ലെ മലബാർ ഹിന്ദു മത ധർമ്മസ്ഥാപനങ്ങളും എൻഡോവ്മെന്റുകളും ബിൽ എന്നിവയാണ് മറ്റ് പ്രധാനപ്പെട്ടവ.

Eng­lish Summary;Assembly ses­sion from Jan­u­ary 25; Bud­get on Feb­ru­ary 5
You may also like this video

Exit mobile version