പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം ഇന്ന് തുടങ്ങുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ അറിയിച്ചു. നിയമ നിർമ്മാണത്തിനായുള്ള ഈ സമ്മേളനത്തിൽ ആകെ ഒമ്പതു ദിവസമാണ് സഭ ചേരാൻ നിശ്ചയിച്ചിട്ടുള്ളത്. ഇന്ന് വയനാട്, കോഴിക്കോട് ജില്ലകളിലായി നടന്ന മണ്ണിടിച്ചില്‍ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സഭ പിരിയും.
സമ്മേളന കാലയളവിൽ ബാക്കി എട്ട് ദിവസങ്ങളിൽ ആറു ദിവസങ്ങൾ ഗവണ്മെന്റ് കാര്യങ്ങൾക്കും രണ്ട് ദിവസങ്ങൾ അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങൾക്കുമായി നീക്കിവച്ചിരിക്കുന്നു. 18ന് സമ്മേളനം അവസാനിപ്പിക്കുന്ന തരത്തിലാണ് കലണ്ടർ തയ്യാറാക്കിയിരിക്കുന്നത്.
സമ്മേളന കാലയളവിൽ കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് സര്‍വകലാശാലാ ഭേദഗതി, കേരള കന്നുകാലി പ്രജനന, പിഎസ‌്സി ഭേദഗതി, വില്പന നികുതി ഭേദഗതി, പ്രവാസി കേരളീയരുടെ ക്ഷേമ (ഭേദഗതി), പേയ്മെന്റ് ഓഫ് മാസ വേതനവും ആനുകൂല്യങ്ങളും വിതരണം ഭേദഗതി ബില്ലുകളും 2017ലെ സംസ്ഥാന ചരക്കു സേവന നികുതി നിയമം, 2020ലെ കേരള ധനകാര്യ നിയമം, 2008ലെ ധനകാര്യ നിയമം എന്നിവ ഭേദഗതി ചെയ്യുന്നതിനായി പുറപ്പെടുവിച്ച 2024ലെ കേരള നികുതി ചുമത്തൽ നിയമങ്ങൾ (ഭേദഗതി) ഓർഡിനൻസിനു പകരമുള്ള ബില്ലും ഈ സമ്മേളനത്തിൽ പരിഗണിച്ച് പാസാക്കേണ്ടതുണ്ട്. ബില്ലുകൾ പരിഗണിക്കുന്നതിനുള്ള സമയക്രമം ഇന്ന് കാര്യോപദേശക സമിതി തീരുമാനിക്കും.