വൈദ്യ ശാസ്ത്ര രംഗത്ത് കേരളത്തിന്റെ യശസുയര്‍ത്തിയ ഡോ എം എസ് വല്യത്താന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍. തിരുവനന്തപുരം ശ്രീചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ സ്ഥാപക ഡയറക്ടര്‍, മണിപ്പാല്‍ യൂണിവേഴ്സിറ്റിയുടെ ആദ്യ വി സി തുടങ്ങിയ പദവികള്‍ അലങ്കരിച്ച ഡോ എം എസ് വല്യത്താന്‍ ആതുര ശുശ്രൂഷാ രംഗത്ത് സംസ്ഥാനത്തിന്റെ യശസുയര്‍ത്തിയ പ്രതിഭാശാലിയാണ്.
കുറഞ്ഞ ചെലവില്‍ തദ്ദേശീയമായി ഹൃദയവാള്‍വ് നിര്‍മ്മിക്കാന്‍ അദ്ദേഹത്തിന് കഴിഞുവെന്നത് കേരളത്തിന്റെ മഹത്തരമായ നേട്ടമാണ്. ഹൃദയശസ്ത്രക്രിയയിലും ഡിസ്‌പോസിബിള്‍ ബ്ലഡ് ബാഗ് അടക്കമുള്ള, ചികിത്സയ്ക്ക് ആവശ്യമായ നൂതന സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിലും അദ്ദേഹത്തിന്റെ സംഭാവനകള്‍ നിസ്തുലമാണ്.ആധുനിക വൈദ്യശാസ്ത്രത്തോടൊപ്പം പരമ്പരാഗതമായ ചികിത്സാ സമ്പ്രദായങ്ങളെയും സമന്വയിപ്പിച്ചുകൊണ്ട് അദ്ദേഹം സ്വീകരിച്ച ചികിത്സാസമീപനം ഏറെ സ്വീകാര്യത നേടിയിരുന്നു.
ആയുര്‍വേദരംഗത്ത് കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തുകയും ആ അറിവുകള്‍ സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന വിധത്തില്‍ ശ്രദ്ധേയമായ ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തുവെന്നത് ആധുനിക വൈദ്യശാസ്ത്ര രംഗത്ത് അദ്ദേഹത്തെ വേറിട്ട വ്യക്തിത്വത്തിനുടമയാക്കി.രാജ്യം പത്മഭൂഷണും പത്മശ്രീയും നല്കി ആദരിച്ച ഡോ വല്യത്താനെ തേടി അന്തര്‍ദ്ദേശീയ പുരസ്‌കാരങ്ങളും എത്തിയെന്നത് കേരളത്തിനാകെ അഭിമാനമാണ്.
English Summary
Assembly speaker condoles death of Dr MS Valyathan, a genius who brought prosperity to Kerala
you may also like this video: