Site icon Janayugom Online

ഫാഷന്‍ ഗോള്‍ഡ്‌ നിക്ഷേപത്തട്ടിപ്പ്‌ ലീഗ് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടി

fashion

ഫാഷന്‍ഗോള്‍ഡ്‌ നിക്ഷേപത്തട്ടിപ്പ്‌ കേസില്‍ പ്രതികളായ മുസ്ലിംലീഗ്‌ നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടി സര്‍ക്കാര്‍ ഉത്തരവിറങ്ങി. കമ്പനി എംഡിയും ലീഗ് നേതാവുമായിരുന്ന ചന്തേരയിലെ പൂക്കോയ തങ്ങള്‍, ചെയര്‍മാന്‍ മുന്‍ എംഎൽഎ എം സി ഖമറുദ്ദീന്‍ എന്നിവരുടെ സ്വത്തുക്കളാണ്‌ കണ്ടുകെട്ടിയത്‌. അനിയന്ത്രിത നിക്ഷേപ പദ്ധതി നിരോധന നിയമ പ്രകാരം ഉത്തരവാദപ്പെട്ട സംസ്ഥാനതല അധികാരിയായ സംസ്ഥാന ഫിനാന്‍സ്‌ സെക്രട്ടറി സഞ്‌ജയ്‌ എം കൗള്‍ ആണ്‌ സ്വത്തുക്കള്‍ കണ്ടുകെട്ടി ഉത്തരവിറക്കിയത്‌.

കേസ്‌ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന കണ്ണൂര്‍ ക്രൈംബ്രാഞ്ച്‌ എസ്‌പി വി പി സദാനന്ദന്റെ റിപ്പോര്‍ട്ടിന്മേലാണ്‌ നടപടി. കമ്പനി ചെയര്‍മാന്‍ എം സി ഖമറുദ്ദീന്‍, എംഡി പൂക്കോയ തങ്ങള്‍ എന്നിവരുടെ പേരില്‍ പയ്യന്നൂരിലെ നാലുമുറികള്‍ അടങ്ങിയ ഫാഷന്‍ ഓര്‍ണമെന്റ്‌സ്‌ ജ്വല്ലറി കെട്ടിടവും ബംഗ്‌ളൂരു സിലികുണ്ടേ വില്ലേജില്‍ പൂക്കോയ തങ്ങളുടെ പേരിലുള്ള ഒരേക്കര്‍ ഭൂമിയും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു. നേരത്തെ മറിച്ചുവിറ്റ ഖമർ ഫാഷന്‍ ഗോള്‍ഡ്‌ ജ്വല്ലറിക്ക് വേണ്ടി എം സി ഖമറുദ്ദീന്റെയും പൂക്കോയ തങ്ങളുടെയും പേരില്‍ കാസര്‍കോട്‌ ടൗണില്‍ വാങ്ങിയ ഭൂമിയും അതിലുള്ള നാല് കെട്ടിടമുറികളും കണ്ടുകെട്ടി. 170ല്‍ അധികം നിക്ഷേപകര്‍ക്ക്‌ 26 കോടിയിലധികം രൂപ തിരിച്ച്‌ നല്‍കാനുള്ളപ്പോള്‍ കമ്പനിക്ക്‌ ബാധ്യതയുള്ള ഒരാള്‍ക്ക്‌ മാത്രം കെട്ടിടം മറിച്ച്‌ വിറ്റതിന് നിയമസാധുതയില്ലെന്നു സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ട്. 

എംഡിയുടെയും ചെയര്‍മാന്റെയും പേരില്‍ ചെറുവത്തൂര്‍, കയ്യൂര്‍, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കാലിക്കടവ്‌ എന്നിവിടങ്ങളിലെ വിവിധ ബാങ്കുകളിലുള്ള അക്കൗണ്ടുകളിലെ പണവും കണ്ടുകെട്ടിയതിൽ ഉൾപ്പെടുന്നു. ഫാഷന്‍ ഗോള്‍ഡ് നിക്ഷപത്തട്ടിപ്പുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (മൂന്ന്) കോടതിയില്‍ കേസ് നടക്കുകയാണ്. ചെയര്‍മാന്‍ എം സി ഖമറുദ്ദീന്‍, മാനേജിങ് ഡയറക്ടര്‍ പൂക്കോയ തങ്ങള്‍, മുഹമ്മദ് ഇഷാം, മാനേജര്‍ സൈനുല്‍ ആബിദ് എന്നിവരും 17 ഡയറക്ടര്‍മാരും കേസില്‍ പ്രതികളാണ്. ഫാഷന്‍ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് 168 കേസുകളാണുള്ളത്. ഇരട്ടിലാഭം വാഗ്ദാനം ചെയ്താണ് ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയിലേക്ക് പണം നിക്ഷേപമായി സ്വീകരിച്ചത്. അഞ്ചുലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെയാണ് ചെറുവത്തൂരിലെ ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍ നാഷണലിലും കാസര്‍കോട്ടെ ഖമര്‍ ഫാഷന്‍ ഗോള്‍ഡ് ഇന്റനാഷണലിലും നിക്ഷേപിച്ചിരുന്നത്.
2019 നവംബറില്‍ മഞ്ചേശ്വരം എംഎല്‍എ യായിരുന്ന എം സി ഖമറുദ്ദീനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. അതേസമയം ക്രൈംബ്രാഞ്ചിന് പിടികൊടുക്കാതെ ഒളിവില്‍ പോയ ടി കെ പൂക്കോയ തങ്ങള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 2021 ഓഗസ്റ്റ് 11ന് പൂക്കോയ തങ്ങള്‍ ക്രൈംബ്രാഞ്ച് മുമ്പാകെ കീഴടങ്ങി. 

Eng­lish Sum­ma­ry: Assets of Fash­ion Gold Invest­ment Fraud League lead­ers confiscated

You may also like this video

Exit mobile version