Site iconSite icon Janayugom Online

മൃഗസംരക്ഷണ മേഖലയിലെ പുതുസംരംഭകര്‍ക്ക് സഹായം ഉറപ്പാക്കും: മന്ത്രി ജെ ചിഞ്ചു റാണി

മൃഗസംരക്ഷണമേഖലയിലെ പുതു സംരംഭകര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ വകുപ്പ് മുഖേന ഉറപ്പാക്കുമെന്ന് മൃഗസംരക്ഷണ — ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി. കേരള ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ നേതൃത്വത്തില്‍ ചാണപ്പാറ സന്മര്‍ഗദായിനി ഗ്രന്ഥശാലയില്‍ സംഘടിപ്പിച്ച കുടുംബശ്രീ യൂണിറ്റുകള്‍ മുഖേനയുള്ള തീറ്റപ്പുല്‍ കൃഷി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രവാസികള്‍ ഉള്‍പ്പെടെ ധാരാളം പുതു സംരംഭകര്‍ കന്നുകാലി, ആടുവളര്‍ത്തല്‍ മേഖലയിലേക്ക് എത്തുന്നുണ്ട്. ഇവര്‍ക്ക് കൂടുതല്‍ പ്രയോജനകരമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കും. കൂടാതെ 50 ശതമാനം സബ്‌സിഡിയോടുകൂടി ധന സഹായം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

ക്ഷീരമേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായാണ് തീറ്റപ്പുല്‍കൃഷി പരിശീലനം. വിലകൂടിയ കാലിത്തീറ്റകള്‍ വാങ്ങി നല്‍കേണ്ട സാഹചര്യം ഒഴിവാക്കുന്നതിന് തീറ്റപ്പുല്‍കൃഷി സഹായകരമാകും. ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് മുഖേനയും ധാരാളം പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. പ്രകൃതി ദുരന്ത മേഖലകളില്‍ കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ കര്‍ഷകര്‍ക്ക് സഹായം എത്തിക്കാന്‍ കഴിഞ്ഞതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരേക്കര്‍ വീതമുള്ള 500 യൂണിറ്റ് പുല്‍കൃഷിത്തോട്ടം ഏഴ് ജില്ലകളില്‍ സ്ഥാപിക്കും. ഒരു യൂണിറ്റ് പുല്‍കൃഷിത്തോട്ടം സ്ഥാപിക്കുന്നതിന് കര്‍ഷകര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി പരമാവധി 16,000 രൂപ വരെ ധനസഹായം നല്‍കും. തിരഞ്ഞെടുത്ത കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ശാസ്ത്രീയമായ രീതിയില്‍ കൃഷി നടത്തുന്നതിനും പരിപാലിക്കുന്നതിനും ഉള്ള പരിശീലനവും നല്‍കും. തീറ്റപ്പുല്‍ ഇനങ്ങളുടെ നടീല്‍വസ്തുക്കള്‍ കെഎല്‍ഡി ബോര്‍ഡ് ആവശ്യാനുസരണം സൗജന്യമായി ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

eng­lish sum­ma­ry; Assis­tance for new entre­pre­neurs in the field of ani­mal husbandry
you may also like this video;

Exit mobile version