Site iconSite icon Janayugom Online

കവളപ്പാറയിലെ ആറ് കുടുംബങ്ങളെ കൂടി പുനരധിവസിപ്പിക്കും: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 36 ലക്ഷം രൂപ അനുവദിച്ചു

2019ലെ പ്രളയത്തിലും തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും അപകടമുണ്ടായ കവളപ്പാറയിലെ അപകട ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്നും ആറ് കുടുംബങ്ങളെ കൂടി പുനരധിവസിപ്പിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 36 ലക്ഷം രൂപ അനുവദിച്ചു. കുടുംബം ഒന്നിന് ആറ് ലക്ഷം രൂപ വീതമാണ് വാസയോഗ്യമായ ഭൂമി വാങ്ങി വീട് വയ്ക്കുന്നതിനായി നല്‍കുക. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്.

കവളപ്പാറയ്ക്ക് സമീപമുള്ള വഴിക്കടവ് വില്ലേജില്‍ വെള്ളക്കട്ടെ എന്ന പ്രദേശത്തെ അപകട ഭീഷണിയുള്ള ആറ് കുടുംബങ്ങളെയാണ് മാറ്റി പാര്‍പ്പിക്കുക. അപകട ഭീഷണിയുള്ള സ്ഥലത്തു നിന്ന് ഈ കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍, ജില്ലാ ജിയോളജിസ്റ്റ് എന്നിവര്‍ സംയുക്ത പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. 

നേരത്തെ പ്രളയത്തിലും, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചല്‍ എന്നിവ മൂലം വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ പുഴ ഗതിമാറി ഒഴികയതിനെ തുടര്‍ന്ന വാസയോഗ്യമല്ലാതായവര്‍, ജിയോളജി ടീം മാറ്റി പാര്‍പ്പിക്കുന്നതിന് ശുപാര്‍ശ ചെയ്തവര്‍ ഉള്‍പ്പെടെയുള്ള 462 കുടുംബങ്ങള്‍ക്ക് വാസയോഗ്യമായ ഭൂമി വാങ്ങി വീട് വയ്ക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ധനസഹായം അനുവദിച്ച് വിതരണം ചെയ്തിരുന്നു.

ജോലിക്കിടെ അപകടമുണ്ടായി ചികിത്സയിലിരിക്കെ മരണമടഞ്ഞ ഫയര്‍ ആന്‍റ് റെസ്ക്യു സര്‍വ്വീസസ് വകുപ്പിലെ ഹോം ഗാര്‍ഡ് കെ മനോഹരന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.സര്‍വ്വശിക്ഷ കേരള സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടറായി ഡോക്ടര്‍ സുപ്രിയ എ. ആറിനെ പുനര്‍നിയമന വ്യവസ്ഥയില്‍ നിയമിക്കാനും ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

സെന്‍റര്‍ ഫോര്‍ അഡല്‍റ്റ് കണ്ടിന്യൂയിങ്ങ് എഡ്യുക്കേഷന്‍ എക്സ്റ്റന്‍ഷന്‍ ( കേരള സര്‍വ്വകലാശാല)ല്‍ നിന്നും ഡയറക്ടറായി വിരമിച്ച വ്യക്തിയാണ് ഡോ സുപ്രിയ.ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് വകുപ്പിലെ ഡന്‍റല്‍ സര്‍ജന്‍മാരുടെ വിരമിക്കല്‍ പ്രായം 56 വയസില്‍ നിന്നും 60 വയസായി ഉയര്‍ത്താന്‍ തീരുമാനിച്ചു. 

ആരോഗ്യ വകുപ്പിലെയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെയും എംബിബിഎസ് ബിരുദധാരികളായ ഡോക്ടര്‍മാരുടെയും ബിഡിഎസ് യോഗ്യതയുള്ള ഡോക്ടര്‍മാരുടെയും വിരമിക്കല്‍ പ്രായം തുല്യമായതിനാല്‍ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസസിലെ ഡന്‍റല്‍ സര്‍ജന്‍മാരുടെ പെന്‍ഷന്‍ പ്രായം ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍മാരുടേതിന് തുല്യമാക്കി ഉയര്‍ത്തണമെന്ന അപേക്ഷയിലാണ് തീരുമാനം.കോഴിക്കോട് മര്‍ക്കസ് നോളജ് സിറ്റി ക്യാംപസില്‍ നാച്ചുറോപ്പതി ആന്‍റ് യോഗ മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതിന് നിരാക്ഷേപ പത്രം അനുവദിക്കാനും തീരുമാനിച്ചു.

Eng­lish Sum­ma­ry: Assis­tance from the Chief Min­is­ter’s Dis­as­ter Relief Fund to reha­bil­i­tate six more fam­i­lies in Kavalappara

You may also like thsi video:

Exit mobile version