എംഎ ബേബിയെ സിപിഐ(എം) ജനറൽ സെക്രട്ടറിയ്ക്കാനുള്ള ശിപാര്‍ശ പൊളിറ്റ് ബ്യൂറോ അംഗീകരിച്ചു. ഇന്ന് രാവിലെ ചേർന്ന കേന്ദ്ര കമ്മിറ്റിയിലാണ് അംഗീകാരം നൽകിയത്. പ്രകാശ് കാരാട്ടാണ് ജനറൽ സെക്രട്ടറിയായി എം എ ബേബിയുടെ പേര് നിലവിലുള്ള കേന്ദ്ര കമ്മിറ്റിയിൽ നിർദേശിച്ചത്. ഇ എം എസിന് ശേഷം സിപിഐഎമ്മിന്റെ ജനറൽ സെക്രട്ടറിയാകുന്ന ആദ്യത്തെ മലയാളിയാണ് എം എ ബേബി.
പ്രത്യയശാസ്ത്രപരമായ കാഴ്ചപ്പാടുകൾക്ക് പ്രാധാന്യം നൽകുന്നതോടൊപ്പം തന്നെ ലോകത്തിലെ മാറ്റങ്ങളെ പിന്തുടരാനും അവ ഉൾക്കൊള്ളാനും കഴിവുള്ള വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. ഇത് അദ്ദേഹത്തെ മറ്റ് പല നേതാക്കളിൽ നിന്നും വ്യത്യസ്തനാക്കുന്നു. പാർട്ടിയുടെ സാംസ്‌കാരിക ദാർശനിക മുഖമാണ് എം എ ബേബി. കൊല്ലം എസ് എൻ കൊളജിൽ നിന്ന് തുടങ്ങിയ സംഘടനാ പ്രവർത്തനം ഇന്ന് അദ്ദേഹത്തെ ഇന്ത്യയിലെ മാർക്സിസ്റ്റ് പാർട്ടിയുടെ അമരക്കാരൻ ആക്കിയിരിക്കുകയാണ്. സീതാറാം യെച്ചൂരിയുടെ പിൻഗാമിയായിട്ടാണ് എംഎ ബേബി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്.
ദീർഘകാലമായി ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നേതാവാണ് അദ്ദേഹം. പാർലമെന്ററി രംഗത്തെ പരിചയവും സംഘടനാപരമായുള്ള അദ്ദേഹത്തിന്റെ കഴിവും ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നതിൽ നിർണായകമായി.

