Site iconSite icon Janayugom Online

ദീപാരാധന സമയത്ത് മദ്യപിച്ചെത്തി ഇടയ്ക്ക കൊട്ടി; ക്ഷേത്രം ജീവനക്കാരനെതിരെ നടപടിയെടുത്ത് കൊച്ചിൻ ദേവസ്വം ബോർഡ്

ക്ഷേത്രത്തിൽ ദീപാരാധന സമയത്ത് മദ്യപിച്ചെത്തി ഇടയ്ക്ക കൊട്ടിയ സംഭവത്തിൽ ജീവനക്കാരന് സസ്പെൻഷൻ. എറണാകുളം വളഞ്ഞമ്പലം ക്ഷേത്രത്തിലെ ജീവനക്കാരനായ ദിലീപ് കുമാറിനെയാണ് കൊച്ചിൻ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മറ്റൊരു ക്ഷേത്രത്തിലെ ജീവനക്കാരനായ ദിലീപ് കുമാർ, ദീപാരാധന സമയത്ത് മദ്യപിച്ചെത്തി ശ്രീകോവിലിന് മുൻപിലുണ്ടായിരുന്ന ഇടയ്ക്ക എടുത്ത് കൊട്ടുകയും തുടർന്ന് ക്ഷേത്രത്തിലെ ശംഖ് എടുത്ത് ഊതുകയും ചെയ്തു.

ഇത് ക്ഷേത്രത്തിലെ ജീവനക്കാരും ഭക്തരും ചോദ്യം ചെയ്തതിനെത്തുടർന്ന് സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പിന്നാലെയാണ് ഇയാളെ സസ്പെൻഡ് ചെയ്തത്. നാല് മാസം മുൻപും സമാനമായ കുറ്റത്തിന് സസ്പെൻഡ് ചെയ്യപ്പെട്ടിട്ടുള്ള വ്യക്തിയാണ് ദിലീപ് കുമാർ. ഇയാൾക്കെതിരെ കൂടുതൽ നടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു.

Exit mobile version