മകരമാസം തുടങ്ങുന്നതോടെ കടത്തനാട്ടിനും കോലത്തുനാട്ടിനും ഉത്സവലഹരിയാണ്. വടക്കൻ മലബാറിലെ ഗ്രാമങ്ങൾ ചെണ്ടമേളത്താൽ മുഖരിതമാവും. കണ്ണഞ്ചിപ്പിക്കുന്ന ചുവപ്പാർന്ന വേഷത്തോടെ അമ്പലമുറ്റങ്ങളിൽ തെയ്യങ്ങൾ തിമർത്താടുമ്പോൾ നാട് ഉണരുന്നു. ‘തെയ്യാട്ടം’ എന്ന പദത്തിന് ദൈവനൃത്തം എന്നാണ് അർത്ഥം. കടത്തനാട്ടിൽ ഇത് തിറയാട്ടം എന്ന പേരിലാണ് അറിയപ്പെടുന്നത്. കേരളോല്പത്തി ഐതിഹ്യമനുസരിച്ച് കേരളീയർക്ക് അനുവദിച്ചു കൊടുത്ത ഉത്സവങ്ങളിൽ ഒന്നാണ് തെയ്യാട്ടം. തെയ്യങ്ങളിൽ നല്ലൊരു വിഭാഗം ഭഗവതിമാരാണ്. ഗ്രാമീണ ജനതയുടെ അമ്മ ദൈവാരാധനയ്ക്ക് സിന്ധുനദീതട സംസ്കാരത്തോളം പഴക്കമുണ്ട്. ആര്യ ദ്രാവിഡ വിശ്വാസങ്ങളുടെ സങ്കലനം ഈ അനുഷ്ഠാന കലയിൽ ദർശിക്കാമെങ്കിലും ദ്രാവിഡാചാരങ്ങളാണ് പ്രകടം. വടക്കുനിന്നുണ്ടായ ആര്യൻമാരുടെ തള്ളിക്കയറ്റം മലബാറിനെ മതപരമായും സാംസ്കാരികമായും പരിവർത്തന വിധേയമാക്കി. അടിസ്ഥാനപരമായി കേരളജനത ദ്രാവിഡൻമാരായിരുന്നു. ആര്യശബ്ദം ബ്രാഹ്മണ സംസ്കാരമായും ദ്രാവിഡ ശബ്ദം ആദിവാസി ജനവർഗത്തേയുമാണ് സൂചിപ്പിക്കുന്നതെന്ന് ചരിത്രകാരന്മാർ വിലയിരുത്തുന്നു. കുടിയേറിവന്നവരുടെയും തദ്ദേശീയരുടെയും സംസ്കാരങ്ങൾ പരസ്പരം സ്വാധീനിച്ച് നിലനിന്നുപോരുകയായിരുന്നു. പിരിച്ചെടുക്കാൻ വയ്യാത്തവിധം നെയ്തുചേർക്കപ്പെട്ട ഇവയുടെ ഇഴയിണക്കത്തിൽ നിന്ന് അതുല്യമായൊരു ആരാധനാ രീതിയും സാമൂഹ്യ ഘടനയും രൂപം പ്രാപിച്ചു. തെയ്യങ്ങളുടെ ഉത്ഭത്തിനു പിന്നിലും ഇതേ ഇഴയിണക്കം തന്നെയാണെന്ന് വിലയിരുത്തപ്പെടുന്നു.
ഭഗവതിമാരുടെ ഉത്ഭവം പറയുന്ന തോറ്റംപാട്ടിൽ തെയ്യാട്ടത്തിനു ഏകദേശം നാനൂറുവർഷത്തെ കാലപ്പഴക്കമുണ്ട്. കതിവനൂർ വീരൻ, പയ്യംപള്ളി ചന്തു, തച്ചോളി ഒതേനൻ തുടങ്ങിയ വീരനായകന്മാരുടെ തിറകൾ ഈ കാലപ്പഴക്കം സാധൂകരിക്കുന്നു. കേരളത്തിൽ നാടുവാണിരുന്ന പല രാജവംശങ്ങളുടെയും കുലദേവത ഭവതിമാരാണ്. കടത്തനാട്ട് രാജാക്കന്മാരുടെ കുലദേവത ലോകനാർകാവിലമ്മയാണ്. സംഘ കാലഘട്ടത്തിൽ കേരളമുൾക്കൊള്ളുന്ന തമിഴകത്ത് നിലവിലുണ്ടായിരുന്ന വീരാരാധന വികസിച്ച് ‘വേലൻ വെറിയാടൽ’ ചടങ്ങായി മാറുകയും അത് കാലാന്തരത്തിൽ തെയ്യമായി രൂപാന്തരം പ്രാപിച്ചുവെന്നും പ്രമുഖ ചരിത്രകാരനായ ഡോ. കെ കെ എൻ കുറുപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
നാടിനുവേണ്ടി പട നയിച്ച് നാടിന്റെ മാനംകാത്ത വീരന്മാരെ നാട്ടുകാർ തെയ്യങ്ങളായി വരവേൽക്കുന്നു. ഫ്യൂഡൽ കാലഘട്ടങ്ങളിലെ അടിയാളൻമാരുടെ പ്രകടനാത്മകമായ പ്രതിഷേധങ്ങൾകൂടിയാണ് ചില തെയ്യങ്ങൾ. കോലത്തുനാട്ടിലെ പ്രധാന തെയ്യമായ കതിവനൂർവീരൻ കുടകിൽവച്ച് കന്നുകാലികളെ കവർച്ച ചെയ്യുന്നവരോട് ഏറ്റുമുട്ടി മരിച്ച വീരനായകനാണ്. നാട്ടുകാർ തെയ്യത്തിലൂടെ അവനു ദൈവികസ്ഥാനം നൽകി. വടക്കൻപാട്ടിലെ വീരനായകന്മാരായ തച്ചോളി ഒതേനനും ചന്തുവും തെയ്യങ്ങളിലൂടെ പുനർജനിച്ചു. സംഘകാല കൃതിയായ ചിലപ്പതികാരത്തിലെ കണ്ണകി മുച്ചിലോട്ട് ഭഗവതിയായി. കോഴിക്കോട്, കണ്ണൂർ, കാസർകോട് പ്രദേശങ്ങളിലെ മിക്ക കഴകങ്ങളിലും മുച്ചിലോട്ട് ഭഗവതിയുടെ തച്ചാട്ടമുണ്ട്. വടകര താലൂക്കിലെ ചില ക്ഷേത്രങ്ങളിൽ ചന്തുവിന്റെയും ഒതേനന്റെയും തിറയും വാൾപയറ്റും തച്ചാട്ട് രൂപത്തിൽ അവതരിപ്പിക്കുന്നു.
തെയ്യത്തിന്റെ ജനപ്രീതി
***********************
ആകർഷണീയമായ നിറക്കൂട്ടുകൾകൊണ്ടുള്ള മുഖചമയം കൊണ്ടും ചുവപ്പ് പട്ടുടയാടയാൽ അലംകൃതമായ മനോഹരമായ വേഷവിധാനങ്ങൾകൊണ്ടും അനുഗൃഹീതമായ ഭാവാഭിനയംകൊണ്ടും തീക്ഷ്ണമായ മുഖഭാവം കൊണ്ടും മെയ് വഴക്കം കൊണ്ടും കളരിയഭ്യാസംകൊണ്ടും വാദ്യമേളങ്ങൾക്കൊത്തുള്ള അംഗചലനം കൊണ്ടും കുരുത്തോലകൊണ്ടലങ്കരിച്ച തിരുമുടികൊണ്ടും ഭക്തിനിഷ്ഠകൊണ്ടും അനുഷ്ഠാനകലയായ തെയ്യാട്ടത്തിന് ജനപ്രീതി ഏറിവന്നു. മഞ്ഞുപെയ്യുന്ന രാത്രികളിൽ വെള്ളച്ചായം പൂശിയ അമ്പലങ്ങളും അമ്പലത്തറകളും നിറഞ്ഞുകത്തുന്ന നെയ് വിളക്കുകളും ദിഗന്തം മുഴക്കുന്ന വെടിക്കെട്ടുകളും വാദ്യഘോഷങ്ങളും തിറയാട്ടത്തിന് പശ്ചാത്തലമാകുന്നു. കേരളത്തിൽ നിലനിന്നിരുന്ന ജാതിവ്യവസ്ഥയും സവർണമേധാവിത്വവുമെല്ലാം ഇതിൽ ദർശിക്കാം. പകലന്തിയോളം വേഷം കെട്ടിയാടുമ്പോൾ ഉപജീവനം എന്നതിലുപരി വീണുകിട്ടുന്ന ദൈവീക പരിവേഷവും. ഇവിടെ തെയ്യം കലാകാരന്മാരുടെ ദിനങ്ങൾ ആരംഭിക്കുകയായി.
തെയ്യങ്ങളിലൂടെ ദൈവീക പരിവേഷം
**********************************
ജാതിയുടെ വേലിക്കെട്ടുകൾക്കുള്ളിൽ നിന്നുകൊണ്ട് ചെയ്തുകൂട്ടിയ അതിക്രമങ്ങൾ വെളിപ്പെടുത്തുകയാണ് ഒട്ടുമിക്ക തെയ്യങ്ങളും ചെയ്യുന്നത്. പുലയനെന്നും ചണ്ഡാളനെന്നും വിളിച്ച് ആക്ഷേപിച്ച് പടിക്കു പുറത്ത് നിർത്തിയിരുന്നവർ തെയ്യങ്ങളായി അവതരിക്കുമ്പോൾ ദൈവീക പരിവേഷം സിദ്ധിക്കുമത്രെ. ഒരു കാലത്ത് തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമായവർ ക്ഷേത്രത്തിനകത്ത് തെയ്യക്കോലം കെട്ടി തമ്പ്രാക്കളുടെ തലയിൽ കൈവെച്ച് അനുഗ്രഹിക്കുമ്പോൾ ‘ദൈവമേ കാത്തുകൊൾക’ എന്നുരുവിട്ട് സായൂജ്യമടയുന്നത് ഭൂതകാല വിശേഷമായിരുന്നു.
തെയ്യത്തിന്റെ കാര്യത്തിലുമുണ്ട് ഉച്ചനീചത്വങ്ങൾ. ക്ഷേത്രമുറ്റങ്ങളിൽ ഉറഞ്ഞാടുന്ന തെയ്യങ്ങളിൽ ഏറിയകൂറും അടിയാളദൈവങ്ങളാണ്. ചാമുണ്ഡിയും ഗുളികനും കുട്ടിച്ചാത്തനും പരദേവതയും കുങ്കിയും പപ്പൂരനും എന്നു വേണ്ട ഒട്ടുമിക്കതും ഈ ഗണത്തിൽപ്പെടുന്നു. ഇവയുടെ പ്രതിഷ്ഠയ്ക്കു ഹേതുവാകുന്നതാകട്ടെ ചെയ്തുപോയ തെറ്റിനുള്ള പ്രായശ്ചിത്തവും. അവർണനെന്നും സവർണനെന്നും ഉള്ള വേർതിരിവുകൾക്ക് പുറത്ത് ഐക്യത്തിന്റെ ഒരു നൂലിഴപൊട്ടാതെ കിടന്നിരുന്നതിന് തെയ്യങ്ങൾ വഹിച്ച പങ്ക് അവഗണിക്കാവുന്നതല്ല.
‘തെയ്യാട്ടം’ എന്ന കുലത്തൊഴിൽ
******************************
തെയ്യം കെട്ടുന്നത് പരമ്പരാഗത കലാകാരന്മാരാണ്. ഈ കുലത്തൊഴിലിൽ ഏർപ്പെട്ടിരുന്നവരിൽ വലിയൊരു വിഭാഗം ഇന്ന് ഇതിനോട് വിടപറയുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. രണ്ടോ മൂന്നോ മാസത്തെ തൊഴിലിനുവേണ്ടി വർഷങ്ങൾ പരിശ്രമിച്ചാണ് ഈ കല അഭ്യസിക്കുന്നത്. ഫലമോ പട്ടിണിയും പരിവട്ടവും മാത്രം. തങ്ങളുടെ അവസ്ഥ മക്കൾക്കെങ്കിലും വരാതിരിക്കാൻ മിക്ക തെയ്യംകലാകാരൻമാരും അവരെ ഈ കല അഭ്യസിപ്പിക്കാൻ തയ്യാറാവുന്നുമില്ല. സാമ്പത്തിക നേട്ടം എന്നതിലുപരി വിശ്വാസത്തിന്റെയും അനുഷ്ഠാനത്തിന്റെയും നൂലിഴകളാണ് ഈ കലാകാരന്മാരെ തെയ്യം കലയുമായി ഉറപ്പിച്ചു നിർത്തിയിരുന്നത്. എന്നാൽ ഇന്ന് ഈ നിലയാകെ മാറി. മറ്റേതൊരു തൊഴിലും പോലെത്തന്നെ ഇതും. തെയ്യം കലാകാരന്മാരുടെ അഭാവം മലബാറിലെ ഒട്ടേറെ ക്ഷേത്രങ്ങളിൽ തിറയാട്ടം മുടങ്ങാൻ കാരണമായിട്ടുണ്ട്.
വർഷങ്ങളോളം പാടുപെട്ട് പഠിച്ചാണ് കലാകാരന്മാർ തെയ്യംതിറ കെട്ടിയാടുന്നത്. ചുവടുകൾ പിഴയ്ക്കാതെ മുഖത്തെഴുത്തും കുരുത്തോല വിധാനവും മനഃപ്പാഠമാക്കുമ്പോൾ തെയ്യം കലാകാരൻ ജനിക്കുന്നു. ഈ കല അവതരിപ്പിക്കുന്ന പാരമ്പര്യകലാകാരന്മാർ ഭൂരിഭാഗവും മറ്റ് തൊഴിലുകളൊന്നും ഇല്ലാത്തവരാണ്. അവർക്ക് ലഭിക്കുന്ന ഏക വരുമാനം തിറയാട്ടത്തിലൂടെയുള്ളത് മാത്രം. ഇങ്ങനെ തൊഴിൽ അറിയുന്ന തൊഴിലില്ലാത്തവരായി മാറാൻ പുതിയ തലമുറ മുന്നോട്ടു വരുന്നില്ല. തങ്ങൾ അനുഭവിച്ച ദുരിതങ്ങൾ മക്കളെങ്കിലും ഉണ്ടാവരുതെന്നാണ് പല തെയ്യം കലാകാരന്മാരും ചിന്തിക്കുന്നത്. അതിനാൽ അവർ മനഃപ്പൂർവം പുതിയ തലമുറയെ ഇതിൽ നിന്ന് അകറ്റുന്നു. മറ്റ് തൊഴിലുകൾ നോക്കുന്ന ചിലരെങ്കിലും തെയ്യം കെട്ടിയാടാൻ തയ്യാറാകുന്നു എന്നതാണ് ഈ കലയുടെ നിലനിൽപ്പിന് അല്പമെങ്കിലും പ്രതീക്ഷയുളവാക്കുന്നത്.
തെയ്യാട്ടത്തിന്റെ ബാക്കിപത്രങ്ങൾ
*********************************
പരമ്പരാഗത തെയ്യം കലാകാരൻമാരിലെ പുതിയ തലമുറയിൽപ്പെട്ടവരിൽ വളരെ ചരുക്കംപേർ മാത്രമാണ് ഇന്ന് തെയ്യംകെട്ടുന്നത്. ഓരോ വർഷം പിന്നിടുമ്പോഴും കലാകാരൻമാരുടെ എണ്ണം കുറഞ്ഞുവരികയാണ്. ഇത് തെയ്യംകലാകാരൻമാരുടെ ജോലിഭാരം വർധിപ്പിക്കുന്നു. ഉത്സവകാലങ്ങളിൽ ദിവസവും തെയ്യംകെട്ടിയാടുവാൻ ഇവർ നിർബന്ധിതരാവുന്നു. തുടർച്ചയായി ഉറക്കമൊഴിഞ്ഞുള്ള ജോലി ഇവരിൽ ഭരിപക്ഷത്തിന്റേയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയാണ്. ഒപ്പം മുടിയേറ്റ്, കനലാട്ടം, തീപ്പന്തം കെട്ടിയുള്ള തിറയാട്ടം എന്നിവയെല്ലാം വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. മിക്ക ക്ഷേത്രങ്ങളിലും തെയ്യങ്ങൾ തീയിലൂടെ നടന്നും കിടന്നുരുണ്ടുമെല്ലാം കനലാട്ടം നടത്തുമ്പോൾ പൊള്ളലേൽക്കുന്നതും പതിവാണ്. ഒന്നര മണിക്കൂർ മുതൽ രണ്ട് മണിക്കൂർവരെ വിശ്രമമില്ലാതെ തുടർച്ചയായി ഭക്തർക്കുമുന്നിൽ തെയ്യം കെട്ടിയാടുമ്പോൾ ഓരോ കലാകാരനും ബാക്കിയാവുന്നത് അനാരോഗ്യത്തിന്റെ ഇരുണ്ട ഭാവിയാണ്.
ഓരോ സമുദായത്തിനും ചില പ്രത്യേക തെയ്യങ്ങൾ മാത്രമേ കെട്ടിയാടാൻ അവകാശമുള്ളൂ. ഗുളികൻ, കുട്ടിച്ചാത്തൻ, ചാമുണ്ഡി, കണ്ഠാകർണൻ തുടങ്ങിയ തെയ്യങ്ങൾ കെട്ടിയാടുന്നത് മലയ സമുദായക്കാരാണ്. മെയ് വഴക്കം ഏറെ ആവശ്യമുള്ളതും കെട്ടിയാടാൻ ബുദ്ധിമുട്ടള്ളതുമാണ് ഈ തെയ്യങ്ങൾ. ഗുളികൻ തെയ്യത്തിന് 25 അടി മുതൽ 32 അടിവരെ നീളമുള്ള മുടി തലയിൽ ഏന്തണം. മുളയും കുരുത്തോലയുംകൊണ്ട് നിർമ്മിച്ച മുടിയേറ്റി പൊയ്ക്കാലിൽ നടക്കുകയും നിലത്തുകിടന്ന് പെട്ടെന്ന് എഴുന്നേൽക്കുകയുമെല്ലാം വേണം. ചാമുണ്ഡി തെയ്യത്തിനാണെങ്കിൽ തീയിൽക്കൂടി നടക്കണം. ഇങ്ങനെ സാഹസികമായ തെയ്യങ്ങളാണ് ഇവയിലേറെയും. ഭഗവതിത്തെയ്യങ്ങൾ ഉൾപ്പെടെ മറ്റു തെയ്യങ്ങൾ കെട്ടുന്നത് മുന്നൂറ്റൻമാർ തുടങ്ങിയ സമുദായക്കാരാണ്.
തെയ്യം കെട്ടിയാടുന്ന കലാകാരൻമാർ ഇന്ന് ഒട്ടേറെ പ്രതിസന്ധികളാണ് നേരിടുന്നത്. മറ്റേതൊരു ജനകീയ കലകളേയും പോലെ നാം തെയ്യം കലകളെ അംഗീകരിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം. തെയ്യം കെട്ടി അവശരാകുന്ന കലാകാരന്മാരുടെ ജീവിത സന്ധ്യകൾ ഏറെ ദുസഹമത്രെ. സ്വന്തമായി കിടപ്പാടമോ ഭൂമിയോ ഇല്ലാത്തവർ ഇവരിൽ നിരവധിയാണ്. ഇങ്ങനെയുളളവർക്ക് മെച്ചപ്പെട്ട ജീവിതനിലവാരം ഉണ്ടാക്കി അവരെ ഈ കലയിലേക്ക് പ്രോത്സാഹിപ്പിക്കുവാനുള്ള ശ്രമങ്ങൾ ഇനിയും ഊർജിതപ്പടുത്തേണ്ടിയിരിക്കുന്നു.