ചെങ്കോട്ട സ്ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ട സംഭവത്തിനുപിന്നാലെ രാജ്യത്തെ കശ്മീരി തൊഴിലാളികളും വിദ്യാര്‍ത്ഥികളും നേരിടുന്ന അതിക്രമത്തെ സിപിഐ അപലപിച്ചു. അസമില്‍ ടിന്‍സുകിയ റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്ന് 44 കശ്മീരി തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത നടപടി അന്യായമാണെന്നും സെക്രട്ടേറിയറ്റ് യോഗം ചൂണ്ടിക്കാട്ടി.
എല്ലാ രേഖകളും കൈവശമുണ്ടായിരുന്ന തൊഴിലാളികളെയാണ് അന്യമായി കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചത്. സംശയത്തിന്റെ പേരില്‍ പൗരന്മാരെ കസ്റ്റഡിയിലെടുത്ത് ദ്രോഹിക്കുന്നത് നിയമനിഷേധമാണ്. കശ്മീരി ജനതയ്ക്ക് ഭരണഘടന ഉറപ്പ് നല്‍കുന്ന എല്ലാ അവകാശങ്ങളും ലംഘിക്കുന്ന തരത്തിലാണ് അസം പൊലീസ് പ്രവര്‍ത്തിച്ചത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കശ്മീരി വിദ്യാര്‍ത്ഥികളും പൗരന്‍മാരും കടുത്ത വിവേചനവും അവഹേളനവും നേരിടുകയാണ്.
ഹരിയാനയിലെ ഗുരുഗ്രാമില്‍ കശ്മീരികള്‍ നിര്‍ബന്ധമായും അധികൃതരുടെ രജിസ്ട്രേഷന്‍ നടപടിക്ക് വിധേയമാകണമെന്ന ഉത്തരവ് സമൂഹത്തില്‍ ഭിന്നിപ്പും സംശയവും ഉടലെടുക്കുന്നതിന് മാത്രമേ ഉപകരിക്കൂ. കശ്മീരി വിദ്യാര്‍ത്ഥികളും കടുത്ത വിവേചനവും അതിക്രമവുവമാണ് നേരിടുന്നത്. ഡല്‍ഹിയും കശ്മീരും തമ്മിലുള്ള ദൂരം കുറഞ്ഞതായും ഹൃദയങ്ങള്‍ തമ്മിലുള്ള അടുപ്പം വര്‍ധിക്കുന്നതായും പ്രധാനമന്ത്രിയും ബിജെപി നേതാക്കളും നടത്തുന്ന വാചാടോപം പൊളളയാണ്.
വിഷയത്തില്‍ സത്വര നടപടി സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി മുന്നോട്ടുവരണം. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണം. സ്ഫോടനത്തിന്റെ പേരില്‍ മുഴുവന്‍ കശ്മീരികളെയും പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നും സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു.
കശ്മിരീകള്‍ക്ക് നേരെ അതിക്രമം: സിപിഐ അപലപിച്ചു

