പരസ്പരമുള്ള വെല്ലുവിളികളും അവകാശവാദങ്ങളുമായി ഉക്രെയ്ന്‍ തെരുവുകളില്‍ ഏറ്റമുട്ടല്‍ തുടരുന്നു. തലസ്ഥാനമായ കീവിലെത്തിയ റഷ്യന്‍ സൈന്യത്തിന്റെ ആക്രമണം ശക്തമായ വെള്ളിയാഴ്ച പ്രതിരോധത്തിലാണെന്ന് വ്യക്തമാക്കിയ ഉക്രെയ്‌ന്‍ തിരിച്ചടികളും വാക്ശരങ്ങളുമായി തിരിച്ചുവരുന്ന വാര്‍ത്തകളായിരുന്നു. തങ്ങള്‍ ഒറ്റപ്പെട്ടുവെന്ന പ്രതീതി ജനിപ്പിച്ചതായിരുന്നു വെള്ളിയാഴ്ച ഉക്രെയ്‌ന്‍ പ്രസിഡന്റ് സെലന്‍സ്കിയുടെ വാക്കുകളെങ്കില്‍ ധീരവും വെല്ലുവിളികള്‍ നിറഞ്ഞതുമായിരുന്നു അദ്ദേഹത്തിന്റെ വീഡിയോ സന്ദേശം. ആയുധം വെടിയണമെന്ന റഷ്യയുടെ ആവശ്യത്തോട് കീഴടങ്ങുവാനില്ലെന്നും റഷ്യയ്ക്ക് അവരുടെ പദ്ധതികള്‍ പാളിയെന്നും പറഞ്ഞ സെലന്‍സ്കി പങ്കാളികളില്‍ നിന്ന് കൂടുതല്‍ സഹായം ലഭിക്കുന്നതിന്റെ ആശ്വാസവും പങ്കുവച്ചു. ബ്രിട്ടനില്‍ നിന്നുള്ള ആയുധങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഇതിന് പിന്നാലെ ചെക്ക് റിപ്പബ്ലിക്കും ഫ്രാന്‍സും ആയുധങ്ങള്‍ അയച്ചതായി അറിയിച്ചു. 35 കോടി ഡോളറിന്റെ ആയുധങ്ങള്‍ അനുവദിക്കുവാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദേശിച്ചിട്ടുണ്ട്. റൊമാനിയയില്‍ 300 സെെനികരെ വിന്യസിക്കുമെന്നും 2000 മെഷീന്‍ ഗണ്ണുകളും 3800 ടണ്‍ ഇന്ധനവും ഉക്രെയ്‍നിയന്‍ സെെന്യത്തിന് നല്‍കുമെന്നും ബെല്‍ജിയം അറിയിച്ചിട്ടുണ്ട്.
തലസ്ഥാനമായ കീവിലും മറ്റ് നഗരങ്ങളിലും റഷ്യന്‍ ആക്രമണം ശക്തമായപ്പോള്‍ ഉക്രെയ്‌ന്‍ സൈന്യത്തോടൊപ്പം പൗരന്മാരും ചേര്‍ന്നുള്ള തിരിച്ചടിയും കനത്തുവെന്നാണ് വാര്‍ത്തകള്‍. 1,16,000 ത്തോളം ഉക്രെയ്‍ന്‍ പൗരന്‍മാര്‍ പലായനം ചെയ്തതായി യുഎന്‍ വെളിപ്പെടുത്തി. മൂന്നു കുട്ടികളുള്‍പ്പെടെ 198 പേര്‍ കൊല്ലപ്പെട്ടതായി ഉക്രെയ്ന്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞു. 3500 റഷ്യന്‍ സൈനികരെ വധിച്ചെന്ന് ഉക്രെയ്‌ന്‍ അധികൃതരും അവകാശപ്പെട്ടു. കീവില്‍ പാര്‍പ്പിട സമുച്ചയത്തിനുനേരെ ഹെലികോപ്റ്റര്‍ ആക്രമണമുണ്ടായി.
അതിനിടെ യുദ്ധം നീണ്ടുപോകുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പറഞ്ഞത് ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. യുദ്ധത്തിനെതിരെ ലോകത്തിന്റെ പല കോണുകളിലും പ്രതിഷേധം നടന്നു.
കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭ രക്ഷാ സമിതിയില്‍ റഷ്യയ്ക്കെതിരായ കരട് പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നതും ചര്‍ച്ചാവിഷയമായി. ചൈനയും യുഎഇയും വിട്ടുനിന്ന വോട്ടെടുപ്പില്‍ ഭൂരിപക്ഷം അംഗങ്ങളും അനുകൂലിച്ചുവെങ്കിലും റഷ്യ വീറ്റോ പ്രയോഗിച്ചതിനാല്‍ പ്രമേയം പാസായില്ല.
English Summary: Attack defense, war streets in Ukraine
You may like this video also