ഇടുക്കിയിൽ വീണ്ടും അരി കൊമ്പന്റെ ആക്രമണം. സൂര്യനെല്ലി ആദിവാസി കോളനിയിൽ വീട് തകർത്തു. വീടിന്റെ അടുക്കളയും മുൻ വശവും കാട്ടാന തകർത്തു.കോളനി നിവാസിയായ ലീലയുടെ വീടാണ് രാത്രി കാട്ടാന തകർത്തത്. വീട്ടിലുണ്ടായിരുന്ന ലീലയും മകളും കുഞ്ഞും ഓടി രക്ഷപെടുകയായിരുന്നു. ഇന്നലെ
രാത്രി ഒന്നരയോടെയാണ് ചിന്നക്കനാൽ പഞ്ചായത്തിലെ സൂര്യനെല്ലി ആദിവാസികുടിയിൽ എത്തിയ അരികൊമ്പൻ വീടിന് നേരെ ആക്രമണം നടത്തുന്നത്. കുടി നിവാസിയായ ലീലയുടെ വീടാണ് കാട്ടാന ഇടിച്ചുനിരത്തിയത്. ആക്രമണം നടക്കുമ്പോൾ ലീലയും മകളും കൊച്ചുമകനും വീട്ടിൽ ഉറങ്ങുകയായിരുന്നു. അടുക്കള തകർക്കുന്ന ശബ്ദം കേട്ട് ഉണർന്ന ഇവർ പുറത്തേക്കൊടി രക്ഷപ്പെട്ടു. അടുക്കള തകർത്ത കൊമ്പൻ അരി തിന്നതിന് ശേഷം വീടിന്റെ മുൻവശവും ഇടിച്ചു നിരത്തി. തലനാരിഴക്കാണ് തങ്ങളുടെ ജീവൻ രക്ഷപ്പെട്ടത് എന്ന് ലീല പറയുന്നു.
ഹൈക്കോടതി ഉത്തരവ് പ്രകാരം അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള നീക്കം നടക്കുന്നതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്. ഇത് രണ്ടാം തവണയാണ് ലീലയുടെ വീട് കാട്ടാന ആക്രമിക്കുന്നത്. മുമ്പ് ആക്രമിച്ചപ്പോൾ തകർന്ന വീടിന്റെ ഒരുഭാഗത്ത് കട്ടകൾ പെറുക്കിവെച്ച് ഷീറ്റുകൊണ്ട് മറച്ചാണ് ഇവർ കഴിഞ്ഞിരുന്നത്. ആ ഭാഗത്താണ് വീണ്ടും ആക്രമണം നടത്തിയത്.
English Summary: Attack of Arikomban again in Chinnakanal: Leela’s house to be demolished for the second time
You may also like this video