Site iconSite icon Janayugom Online

ജമ്മു കശ്മീരിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ ആക്രമണം; കൊല്ലപ്പെട്ട ഭീകരരുടെ ചിത്രങ്ങൾ പുറത്ത്

ജമ്മു കശ്മീരിലെ അഖ്‌നൂർ സെക്ടറിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മൂന്ന് ഭീകരരിൽ രണ്ടുപേരുടെ ചിത്രങ്ങൾ പുറത്ത് . തിങ്കളാഴ്ച സൈനിക വാഹനത്തിന് നേരെ വെടിയുതിർത്തതിനെ തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടത്. രണ്ട് ഭീകരരുടെ ചിത്രങ്ങൾ പകർത്താൻ സുരക്ഷാ സേന ഡ്രോൺ നിരീക്ഷണം ഉപയോഗിച്ചു. ഒരു ഭീകരന്റെ മൃതദേഹം കണ്ടെടുത്തെങ്കിലും മറ്റു രണ്ടുപേരെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മൂന്ന് ഭീകരരും തിങ്കളാഴ്ച കൊല്ലപ്പെട്ടിരുന്നുവെങ്കിലും ഡ്രോണിൽ പകർത്തിയ ചിത്രങ്ങളിലൂടെ ഇവരുടെ മരണം ഇന്ന് സ്ഥിരീകരിച്ചു. 

തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ അഖ്‌നൂരിലെ ബട്ടാൽ മേഖലയിൽ മൂന്ന് ഭീകരർ സൈനിക വാഹനത്തിന് നേരെ ഒന്നിലധികം റൗണ്ട് വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ സേന ഉടൻ തന്നെ പ്രദേശം വളയുകയും വേട്ടയാടുകയും ചെയ്തു. ദീപാവലി ഉത്സവ സീസണിന്റെ ഭാഗമായി ജമ്മു കശ്മീരിലെ സുരക്ഷാ സേന ജമ്മു മേഖലയിൽ വിപുലമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനിടെയാണ് സംഭവം. ഒക്ടോബർ 24 ന് ബാരാമുള്ളയിലെ ഗുൽമാർഗിന് സമീപം സൈനിക വാഹനത്തിന് നേരെ ഭീകരർ പതിയിരുന്ന് ആക്രമണം നടത്തി രണ്ട് സൈനികരെയും രണ്ട് പോർട്ടർമാരെയും കൊലപ്പെടുത്തിയതിന് ശേഷമായിരുന്നു ഈ ആക്രമണം. 

Exit mobile version