Site iconSite icon Janayugom Online

അന്ന് ആസിഡ് ഒഴിക്കുമെന്നും കമ്പിപ്പാര കയറ്റുമെന്നും ഭീഷണി, ഇന്ന് വളര്‍ത്തു നായയുടെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചു; ചിത്രകാരി ദുര്‍ഗ മാലതിക്ക് നേരെ വീണ്ടും ആക്രമണം

പ്രശസ്‌ത ചിത്രകാരി ദുർഗ മാലതിയുടെ വളർത്തുനായയെ തട്ടിക്കൊണ്ടുപോയി കണ്ണുകൾ കുത്തിപ്പൊട്ടിച്ചതായി പരാതി. വീട്ടിൽ കെട്ടിയിട്ട നക്കു എന്ന നായയെ നവംബർ 15 മുതൽ കാണാതായിരുന്നു. സമീപപ്രദേശങ്ങളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. വ്യാഴാഴ്ച രാത്രി ഇരു കണ്ണുകളും കുത്തിപ്പൊട്ടിച്ച നിലയിലാണ് വീട്ടിലെത്തിയതെന്ന് ദുർഗ മാലതി പറഞ്ഞു. കണ്ണുകളിൽ പഴുപ്പ് കയറിയിട്ടുണ്ട്‌. പട്ടാമ്പി പൊലീസിൽ പരാതി നൽകി. 

നായയെ മണ്ണുത്തി വെറ്റിനറി കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 2018ല്‍ ഒരു ചിത്രത്തിന്റെ പേരില്‍ ദുര്‍ഗയെ സംഘപരിവാര്‍ സംഘടനകള്‍ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിക്കുകയും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ജനനേന്ദ്രിയത്തില്‍ കമ്പിപ്പാര കയറ്റുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കത്വവയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിനെതിരെ ദുര്‍ഗ പ്രതിഷേധ ചിത്രം വരച്ചതാണ് പ്രകോപനത്തിന് കാരണം. 

എന്നാല്‍ ഇപ്പോഴത്തെ സംഭവം എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് ദുര്‍ഗ ജനയുഗത്തോട് പ്രതികരിച്ചു. മുമ്പുണ്ടായ ഭീഷണി വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഇപ്പോള്‍ അത്തരം ആളുകള്‍ക്ക് പങ്കുണ്ടോയെന്ന് അറിയില്ല. നായയോടും ആര്‍ക്കും വൈരാഗ്യം തോന്നേണ്ട കാര്യമില്ല. വീട്ടില്‍ കെട്ടിയിട്ട് വളര്‍ത്തുന്ന അത് ആരെയും ഇതുവരെ കടിച്ചിട്ടില്ല. ദുര്‍ഗ വ്യക്തമാക്കി.

Eng­lish Sum­mery: Attack On Artist Dur­ga Malathi’s Pet Dog

Exit mobile version