Site icon Janayugom Online

ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണം: സുപ്രീം കോടതിയില്‍ ഹര്‍ജി

ക്രിസ്ത്യന്‍ വിഭാഗത്തിനെതിരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ജൂലൈ 11ന് സുപ്രീം കോടതി വാദം കേള്‍ക്കും.
ക്രിസ്ത്യന്‍ വിഭാഗത്തിനു നേരെയുള്ള വിദ്വേഷ പ്രസംഗങ്ങളും ആരാധനാലയങ്ങളിലും മറ്റും അവര്‍ക്കെതിരെയുള്ള ആക്രമണങ്ങളും അവസാനിപ്പിക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബംഗളുരു ആര്‍ച്ച് ബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ, നാഷണല്‍ സോളിഡാരിറ്റി ഫോറം, ഇവാഞ്ജലിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യ എന്നിവരാണ് ഹര്‍ജിക്കാര്‍.

ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ ജി പര്‍ഡിവാല എന്നിവരുടെ ബെഞ്ചാണ് വിഷയത്തില്‍ വാദം കേള്‍ക്കുക. മേയില്‍ മാത്രം ക്രിസ്ത്യന്‍ വിഭാഗത്തെ ലക്ഷ്യം വച്ചുള്ള 57 ആക്രമണങ്ങളാണ് നടന്നതെന്ന് അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വെസ് കോടതിയെ അറിയിച്ചു. വിഷയം അടിയന്തരമായി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടര്‍ന്ന് കോടതി 11ന് വാദം കേള്‍ക്കുമെന്ന് അറിയിക്കുകയായിരുന്നു. 

മതവിദ്വേഷ അക്രമസംഭവങ്ങളും അതു സംബന്ധിച്ച കേസുകളും പരിശോധിക്കാന്‍ സംസ്ഥാനങ്ങളില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണമെന്ന 2018ലെ തെഹ്‌സീന്‍ പൂനാവാല കേസിലെ വിധി നിര്‍ദേശം നടപ്പാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. 

Eng­lish Summary:Attack on Chris­tians: Peti­tion in Supreme Court
You may also like this video

Exit mobile version