ബോളിവുഡ് നടൻ സെയ്ഫ് അലിഖാനെ വീട്ടില്‍ക്കയറി ആക്രമിച്ച സംഭവത്തിന് പിന്നില്‍ അധോലോക ബന്ധമില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി യോഗേഷ് കദം. സെയ്ഫ് ഇതുവരെയും ഏതെങ്കിലും തരത്തിലുള്ള പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നില്ല. മോഷണശ്രമത്തിനിടെ ഉണ്ടായ പിടിവലിയിലാണ് സെയ്ഫിന് കുത്തേറ്റത് എന്നാണ് പൊലീസിന്റെയും നിഗമനം. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണെന്നും മന്ത്രി പറഞ്ഞു. അതേസമയം സെയ്ഫ് അലി ഖാൻ സുഖമായിരിക്കുന്നുവെന്നും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഡിസ്ചാർജ് ചെയ്യപ്പെടുമെന്നും ഡോക്ടർമാർ അറിയിച്ചു. മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും ഉടന്‍ തന്നെ നടക്കാനാകുമെന്നും ഡോ. നിതിന്‍ നാരായണ്‍ ഡാങ്കെ പറഞ്ഞു. നട്ടെല്ലിന് പരിക്കുള്ളതിനാല്‍ അണുബാധ ഒഴിവാക്കാന്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെയ്ഫിന്റെ ശരീരത്തില്‍ നിന്നും പുറത്തെടുത്ത കത്തിയുടെ ഭാഗം പൊലീസിന് കൈമാറി.
ആക്രമണ സമയത്ത് ഭാര്യ കരീന കപൂര്‍ ഖാനും മക്കളായ തൈമൂര്‍, ജെഹ് എന്നിവരും വീട്ടിലുണ്ടായിരുന്നു. തീപിടിത്തമുണ്ടായാല്‍ രക്ഷപ്പെടാനായി സ്ഥാപിച്ചിരുന്ന ഗോവണിയിലൂടെ നടന്നുപോകുന്ന അക്രമിയുടെ ചിത്രം പൊലീസിന് ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ നടത്തുന്നത്.
ആറ് തവണയാണ് സെയ്ഫിനെ കുത്തിയത്. ഇതില്‍ നട്ടെല്ലിനടക്കമുള്ള രണ്ടുപരിക്കുകളായിരുന്നു ഗുരുതരം. നട്ടെല്ലില്‍നിന്ന് രണ്ടര ഇഞ്ച് നീളമുള്ള കത്തി ശസ്ത്രക്രിയയിലൂടെയാണ് നീക്കിയതെന്ന് ആശുപത്രി സിഇഒ ഡോ. നീരജ് ഉത്തമാനി അറിയിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ അക്രമിയെയല്ല പിടികൂടിയതെന്ന് പൊലീസ് പിന്നീട് അറിയിച്ചു. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

