Site iconSite icon Janayugom Online

രാ​ജ്യ​ത്ത് ക്രൈ​സ്ത​വ​ർ​ക്കെ​തി​രാ​യ ആക്രമണങ്ങള്‍ കുത്തനെ കൂടി

രാ​ജ്യ​ത്ത് ക്രൈ​സ്ത​വ​ർ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ കുത്തനെ കൂടുന്നതായി യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം (യുസിഎ​ഫ്) റിപ്പോര്‍ട്ട്. 2014ല്‍ 127 ​പ​രാ​തികളാണ് ലഭിച്ചത്. എന്നാല്‍ ഈ വര്‍ഷം മാത്രം 745 അതിക്രമങ്ങളാണ് യുസിഎഫ് ഹെല്‍പ് ലൈനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി സംഘടന അറിയിച്ചു. മണിപ്പൂര്‍ കലാപം കൂട്ടാതെയുള്ള കണക്കുകള്‍ ആണിത്. മണിപ്പൂരില്‍ ഒ​രു​വ​ർ​ഷ​ത്തി​നി​ടെ 200ല​ധി​കം ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ൾ ത​ക​ർ​ക്കപ്പെട്ടതായും റിപ്പോര്‍ട്ടിലുണ്ട്.
രാജ്യത്തെ 28 ല്‍ 23 സംസ്ഥാനങ്ങളിലും ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശിലാണ് ഏറ്റവുമധികം. 182 ആക്രമണങ്ങള്‍ ക്രിസ്ത്യന്‍ വിഭാഗത്തിനുനേരെയുണ്ടായി. രണ്ടാം സ്ഥാനത്തുള്ള ഛത്തീസ്ഗഡില്‍ 163 അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലപ്പോഴും ക്രൈ​സ്ത​വ​ർ​ക്ക് എതിരെയുള്ള ആക്രമണങ്ങളില്‍ പൊലീ​സ് അ​ക്ര​മി​ക​ള്‍ക്ക് ഒത്താശചെയ്യുന്നതായി പീ​പ്പിള്‍​സ് യൂ​ണി​യ​ൻ ഫോർ
സി​വി​ൽ ലി​ബ​ർ​ട്ടീ​സ് (പിയുസിഎ​ൽ) നേരത്തെ ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.

ക്രൈ​സ്ത​വ​ർ​ക്കെ​തി​രാ​യ സം​ഘ​ടി​ത ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ടു​ന്ന ഹ​ര്‍​ജി​യി​ൽ സു​പ്രീം​കോ​ട​തി 2022ൽ ​പ്രാ​ഥ​മി​ക വാ​ദം കേ​ട്ടെ​ങ്കി​ലും പി​ന്നീ​ട് ഹി​യ​റി​ങ് നടന്നിട്ടില്ല. ക്രൈ​സ്ത​വ​രു​ടെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ള്‍ ക​വ​ർ​ന്നെ​ടു​ക്ക​പ്പെടുന്നതിലും യുസിഎഫ് ആശങ്ക രേഖപ്പെടുത്തി. ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന് പാ​ർ​ല​മെ​ന്റി​ലും നി​യ​മ​സ​ഭ​ക​ളി​ലും പ്രാ​തി​നി​ധ്യ​മു​റ​പ്പി​ച്ചി​രു​ന്ന ആം​ഗ്ലോ ഇ​ന്ത്യ​ൻ പ്ര​തി​നി​ധി​ക​ൾ​ക്കാ​യു​ള്ള സം​വ​ര​ണം നിർത്തലാക്കി.
രാ​ജ്യ​ത്ത് 12 സം​സ്ഥാ​ന​ങ്ങ​ൾ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​യ മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മം ആ​വി​ഷ്‍ക​രി​ച്ചി​ട്ടു​ണ്ട്. യുഎപിഎ​ക്ക് സ​മാ​ന​മാ​യ ന​ട​പ​ടി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി യുപി സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന ഭേ​ദ​ഗ​തി​ബി​ൽ മ​ത​സ്വാ​ത​ന്ത്ര്യം ഉ​റ​പ്പാ​ക്കു​ന്ന ഭ​ര​ണ​ഘ​ട​ന അ​നു​ച്ഛേ​ദം 25ന് ​എ​തി​രാ​ണെ​ന്ന് സു​പ്രീം​കോ​ട​തി നി​രീ​ക്ഷി​ച്ചി​ട്ടുണ്ട്. വി​ഷ​യം പ​ഠി​ക്കാ​ൻ സെ​ക്ര​ട്ട​റി ത​ല സ​മി​തി രൂ​പ​വ​ത്​​ക​രിക്കണം. ദേ​ശീ​യ ന്യൂ​ന​പ​ക്ഷ ക​മ്മി​ഷ​നി​ലും ന്യൂ​ന​പ​ക്ഷ വി​ദ്യാ​ഭ്യാ​സ ക​മ്മി​ഷ​നി​ലും ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​മാ​യി ക്രൈ​സ്ത​വ വി​ഭാ​ഗ​ത്തി​ന് പ്ര​തി​നി​ധി​യി​ല്ല. ഇ​ന്ത്യ​യി​ലെ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് നേ​രെ​യു​ണ്ടാ​വു​ന്ന അ​ക്ര​മ​ങ്ങ​ൾ​ക്കു​​നേ​രെ കേന്ദ്രം ക​ണ്ണ​ട​യ്ക്ക​രു​തെന്നും യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ആവശ്യപ്പെട്ടു.

ബിജെപി ഭരിക്കുന്ന മധ്യപ്രദേശിൽ സ്കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങളും വിലക്കുകളും ഏർപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾ സാന്റാ ക്ലോസ്, കന്യാമറിയം, ജോസഫ്, ആട്ടിടയന്മാർ തുടങ്ങിയ വേഷങ്ങൾ ധരിക്കുന്നതിന് മാതാപിതാക്കളുടെ മുൻകൂർ അനുമതി വാങ്ങണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെയും ബാലാവകാശ കമ്മിഷന്റെയും ഉത്തരവ്. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലും ക്രിസ്ത്യാനികൾക്കും അവരുടെ സ്ഥാപനങ്ങൾക്കുമെതിരെ ഹിന്ദുത്വ ശക്തികളിൽ നിന്ന് അക്രമങ്ങളും വിവേചനങ്ങളും നേരിടേണ്ടിവരുന്നുണ്ട്. 

Exit mobile version