Site iconSite icon Janayugom Online

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുഖത്ത് യുവാവ് ആസിഡൊഴിച്ചു

കർണാടകയിലെ രാംനഗർ ജില്ലയിൽ കനകപുര ടൗണിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുഖത്ത് യുവാവ് ആസിഡ് ഒഴിച്ചു. 22 കാരനായ പ്രതിക്കുവേണ്ടി തിരച്ചിൽ ആരംഭിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ബംഗളൂരുവിലെ മിന്റോ കണ്ണാശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ കണ്ണ് നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞതായും പൊലീസ് പറഞ്ഞു.

കനകപുരയിലെ കുറുപ്പേട്ടിൽ താമസിക്കുന്ന മെക്കാനിക്കായ സുമന്ത് ആണ് അക്രമം നടത്തിയത്. കനകപുരയിലെ നാരായണപ്പ തടാകം ബൈപാസ് റോഡിന് സമീപം വെള്ളിയാഴ്ചയാണ് സംഭവം അരങ്ങേറിയത്. പെണ്‍കുട്ടിയെ സുമന്ത് ബൈപ്പാസിന് സമീപത്തേക്ക് വിളിച്ചുവരുത്തിയാണ് ആക്രമിച്ചത്. ഒരു വര്‍ഷമായി ഇരുവരും പരിചയക്കാരാണ്. ഈയിടെ തമ്മില്‍ തര്‍ക്കമുണ്ടായെന്നും ഇക്കാരണത്താലാണ് പെൺകുട്ടിയുടെ മുഖത്തേക്ക് വാഹനങ്ങളുടെ എന്‍ജിൻ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ആസിഡ് ഒഴിച്ചതെന്നുമാണ് പൊലീസ് പറയുന്നത്.

മുഖത്തിന്റെ ഇടതുഭാഗത്തും ഇടതുകണ്ണിനുമേറ്റ പൊള്ളലേറ്റാണ് ചികിത്സ നൽകുന്നതെന്ന് മിന്റോ ആശുപത്രി ഡയറക്ടർ ഡോ. സുജാത മാധ്യമങ്ങളെ അറിയിച്ചു. കണ്ണിന്റെ മൂന്ന് പാളികളിലേക്ക് ആസിഡ് ഒഴുകിയെത്തിയിട്ടുണ്ട്. ഇത്തരം അപകട സന്ദർഭങ്ങളിൽ അപൂർവമായേ കാഴ്ച തിരിച്ചുവന്നിട്ടള്ളൂ, അവർ പറഞ്ഞു. വലത് കണ്ണിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല. പ്രതിയെ പിടികൂടാൻ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. പോക്സോ നിയമപ്രകാരവും ഐപിസി വകുപ്പുകൾ പ്രകാരവും കനകപുര ടൗൺ പൊലീസാണ് കേസെടുത്തിരിക്കുന്നത്.

Eng­lish Sam­mury: Police hunt to nab a 22-year-old man who attacked a minor girl with acid

Exit mobile version