Site icon Janayugom Online

ഗാസയില്‍ സഹായ വിതരണം കാത്തുനിന്നവര്‍ക്ക് നേരെ ആക്രമണം; 29 പേര്‍ കൊല്ലപ്പെട്ടു

ഗാസയില്‍ സഹായ വിതരണം കാത്തുനിന്നവര്‍ക്ക് നേരെ വീണ്ടും ഇസ്രയേല്‍ ആക്രമണം. രണ്ട് വ്യത്യസ്ത ആക്രമണങ്ങളില്‍ സഹായം കാത്തുനിന്ന 29 പലസ്തീനികള്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മധ്യ ഗാസയിലെ അല്‍ നസ്റത് ക്യാമ്പിലെ സഹായ വിതരണ കേന്ദ്രത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ എട്ട് പേരാണ് കൊല്ലപ്പെട്ടത്. വടക്കന്‍ ഗാസ റൗണ്ട് എബൗട്ടില്‍ എയ‍്‍ഡ് ട്രക്കുകള്‍ക്കായി കാത്തുനിന്ന ജനക്കൂട്ടത്തിന് നേരെ ഇസ്രയേല്‍ നടത്തിയ വെടിവയ്പില്‍ 21 പേര്‍ കൊല്ലപ്പെടുകയും 150 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആസൂത്രിതമായ കൂട്ടക്കൊല എന്നാണ് ആക്രമണത്തെ ഗാസ ആരോഗ്യ മന്ത്രാലയം വിശേഷിപ്പിച്ചത്. എന്നാല്‍ സഹായം കാത്തുനിന്നവരെ ആക്രമിച്ചെന്ന ആരോപണം ഇസ്രയേല്‍ സെെന്യം നിഷേധിച്ചു. 

മാനുഷിക സഹായ വിതരണ കേന്ദ്രത്തിൽ ഇസ്രയേൽ സൈ­ന്യം ഗാസക്കാരെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തി എന്ന റിപ്പോർട്ടുകൾ തെറ്റാണ്. ഐഡിഎഫ് സംഭവത്തെ അത് അർഹിക്കുന്ന സമഗ്രതയോടെ മനസിലാക്കുന്നു, മാധ്യമങ്ങളും അത് ചെയ്യണമെന്നാണ് അഭ്യര്‍ത്ഥന. വിശ്വസനീയമായ വിവരങ്ങളിൽ മാത്രം ആശ്രയിക്കുകയെന്നാണ് ഇസ്രയേല്‍ സെെന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ വിശദീകരിച്ചത്. മാനുഷിക സഹായം വിതരണം കാത്തുനിന്നവര്‍ക്ക് നേരെ കഴിഞ്ഞ മാസം ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 115 ലധികം ആളുകളാണ് കൊല്ലപ്പെട്ടത്. ജനക്കൂട്ടം ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് വെടിയുതിര്‍ത്തതെന്നായിരുന്നു സെെന്യത്തിന്റെ വാദം. ആക്രമണത്തിന് പിന്നാലെ യുകെ, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളും യൂറോപ്യന്‍ കമ്മിഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകളും സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. 

കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്ന ഗാസയില്‍ നിയന്ത്രിത അളവിലെത്തുന്ന മാനുഷിക സഹായമാണ് ആശ്വാസമാകുന്നത്. പട്ടിണി മൂലം ഗാസയിലെ കുട്ടികളുടെ ആരോഗ്യസ്ഥിതി ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുകയാണെന്ന് ഐക്യരാഷ്ട്ര സംഘടനയുള്‍പ്പെടെ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. പട്ടിണി മൂലം ഓരോ ദിവസവും 10,000 പേരില്‍ രണ്ടുപേരെങ്കിലും മരിക്കുന്നു എന്നാണ് ഗാസയില്‍ നിന്ന് പുറത്തുവരുന്ന കണക്കുകള്‍. അതേസമയം, പലസ്തീന്‍ തടവുകാര്‍ക്ക് പകരമായി ഇസ്രയേല്‍ ബന്ദികളെ മോചിപ്പിക്കുന്നത് ഉള്‍പ്പെടുന്ന വെടിനിര്‍ത്തല്‍ നിര്‍ദേശവുമായി ഹമാസ് രംഗത്തെത്തി. ഇസ്രയേലി ജയിലുകളില്‍ കഴിയുന്ന ആയിരത്തിലധികം പലസ്തീനികളെ മോചിപ്പിക്കുന്നതിനു പകരമായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന ബന്ദികളെ മോചിപ്പിക്കാമെന്നാണ് യുഎസിനും മറ്റ് മധ്യസ്ഥ രാജ്യങ്ങള്‍ക്കും ഹമാസ് നല്‍കിയ നിര്‍ദേശത്തിലുള്ളത്. എന്നാല്‍ യാഥാര്‍ത്ഥ്യബോധമില്ലാത്ത നിര്‍ദേശങ്ങളെന്ന് ആരോപിച്ച് ഹമാസിന്റെ നിര്‍ദേശം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫിസ് തള്ളി. 

Eng­lish Summary:Attacks on those wait­ing for aid deliv­er­ies in Gaza; 29 peo­ple were killed
You may also like this video

Exit mobile version