Site iconSite icon Janayugom Online

മധു കൊലക്കേസിലെ സാക്ഷികള്‍ക്ക് സുരക്ഷയൊരുക്കി കൂറുമാറ്റം തടയും

കോഴിക്കോട് ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം പോലുള്ള സംഭവങ്ങള്‍ ഗൗരവമായി കാണുന്നുവെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു. ഇതില്‍ കര്‍ശന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. സിറ്റി പൊലീസ് കമ്മിഷണറുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അട്ടപ്പാടി മധു കേസിലെ സാക്ഷികള്‍ക്ക് മതിയായ സുരക്ഷ നല്‍കി കൂറുമാറ്റം തടയുമെന്നും മന്ത്രി കെ രാധാകൃഷ്ണന്‍ വ്യക്തമാക്കി. വിശ്വനാഥന്റെ കുടുംബത്തിന് വകുപ്പുമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് രണ്ട് ലക്ഷം അനുവദിച്ചിട്ടുണ്ട്.

രാജ്യത്തെ പട്ടികവര്‍ഗ്ഗ വിഭാഗം നേരിടുന്ന തരത്തിലുള്ള വെല്ലുവിളികള്‍ കേരളത്തില്‍ ഇല്ല. സംസ്ഥാനത്ത് പട്ടികവര്‍ഗ്ഗക്കാര്‍ ആക്രമണത്തിനും അധിക്ഷേപത്തിനും പൊതുവേ ഇരയാകുന്നില്ല. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഗൗരവത്തോടെ കാണുന്നു. അക്കാര്യത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചു വരുന്നതായും മന്ത്രി അറിയിച്ചു. പട്ടികവര്‍ഗ്ഗക്കാര്‍ ആക്രമണത്തിന് ഇരയാകുന്നത് തടയാന്‍ സമൂഹത്തില്‍ അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് ജാതീയത ഇപ്പോഴും നിലനില്‍ക്കുന്നു. എന്നാല്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന പൊതുരീതി കേരളത്തിലില്ല. ആദിവാസി വിഭാഗം അതിക്രമത്തിന് ഇരയാകുന്ന സാഹചര്യം പരിശോധിക്കണം. ആ സാഹചര്യം ഇല്ലാതാക്കുകയാണ് വേണ്ടത്. അതിനുള്ള ക്രിയാത്മകമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതായും മന്ത്രി അറിയിച്ചു. ആദിവാസി കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി 1,100ഓളം പ്രദേശങ്ങളില്‍ ചുരുങ്ങിയ കാലയളവില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കിയതായും മന്ത്രി അറിയിച്ചു.

 

Eng­lish Sam­mury: min­is­ter k rad­hakr­ish­nan’s niyasab­ha stat­ment for atta­pa­di mad­hu and kozhikkod viswanathan mur­der case

 

Exit mobile version