എറണാകുളം നെട്ടൂരിൽ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ പോക്സോ കേസ്. പനങ്ങാട് പൊലീസ് ആണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിക്കായി അന്വേഷണം നടക്കുകയാണ്. നാലാം ക്ലാസ് വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായുള്ള പരാതിയിലാണ് കേസ്.
ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നാലാം ക്ലാസ് വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. ബുധനാഴ്ച വൈകിട്ട് 6.40 ഓടെ നെട്ടൂരിൽ ആയിരുന്നു സംഭവം. പത്തും പതിനൊന്നും വയസ്സുള്ള കുട്ടികളെയാണ് മിഠായി നൽകി സ്കൂട്ടറിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.
സ്കൂട്ടറിൽ എത്തിയ പ്രതി അശ്ലീല ആംഗ്യം കാണിക്കുന്നതും കുട്ടികളുടെ വീട്ടിലേക്കുള്ള വഴിയിൽ എത്തുന്നതും സമീപത്തുള്ള സിസിടിവി ക്യാമറകളിൽ പറഞ്ഞിട്ടുണ്ട്.
കുട്ടികൾ വരുന്ന വഴിയിൽ പ്രതി പിക്കപ്പ് വാനിന് പിന്നിൽ മറഞ്ഞു നിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മഴക്കോട്ട് ധരിച്ചെത്തിയ ഇയാൾ കുട്ടികൾക്ക് മിഠായി നൽകി. ഇയാൾ കുട്ടികളെ പിന്തുടർന്നതായും പറയുന്നു. കുട്ടികൾ വീട്ടിൽ വിവരം അറിയിച്ചതോടെയാണ് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയത്.

