Site iconSite icon Janayugom Online

ഓട്ടോ ഡ്രൈവറെ വധിക്കാൻ ശ്രമം; പ്രതിക്ക് 10 വർഷം കഠിനതടവും പിഴയും

ഓട്ടോ കൂലി ചോദിച്ചതിന് ഡ്രൈവറെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് പത്ത് വർഷം കഠിന തടവും പിഴയും. നെയ്യാറ്റിൻകര കരമന മേലൻകോട്ടുപുത്തൻ കിരൺ (40)നെയാണ് കോഴിക്കോട് ഒന്നാം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ശിക്ഷിച്ചത്. അറുപതിനായിരം രൂപയാണ് പിഴയൊടുക്കേണ്ടത്. പിഴ സംഖ്യ പരിക്കേറ്റയാൾക്കാണ് നൽകേണ്ടതാണ്. പിഴ ഒടുക്കാത്തപക്ഷം ഒരുവർഷവും മൂന്നു മാസവും അധിക തടവ് അനുഭവിക്കണം.

2013 ഒക്ടോബർ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും രാത്രി സലിമിന്റെ ഓട്ടോ വിളിച്ച് കേസിലെ ഒന്നാം പ്രതി കിരണും രണ്ടാം പ്രതി സുരേഷും കണ്ണാടിക്കലിലേക്ക് പോവുകയായിരുന്നു. കണ്ണാടിക്കൽ ബസാറിനടുത്തുള്ള കനാലിനു സമീപം വെച്ച് ഓട്ടോ കൂലി ചോദിച്ചതിനുള്ള വിരോധം വെച്ച് കിരൺ ഓട്ടോ ഡ്രൈവറായ സലീമിനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. പ്രതികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ജാമ്യത്തിലിറങ്ങി ഒളിവിൽ പോവുകയായിരുന്നു. ശേഷം സമീപകാലത്താണ് കിരൺ പിടിയിലായത്. രണ്ടാം പ്രതി സുരേഷ് വട്ടപ്പാറ എന്നയാൾ നിലവിൽ ഒളിവിലാണ്. ചേവായൂർ പൊലീസ് ഇൻസ്പെക്ടർ പ്രകാശൻ പടന്നയിലാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷൻ 13 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകളും മൂന്ന് തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു.പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ജോജു സിറിയക്ക്, അഡ്വ മുഹസിന കെ എന്നിവർ ഹാജരായി.

Eng­lish Summary:Attempt to kill auto dri­ver; Defen­dant faces up to 10 years in prison and a fine

You may like this video also

Exit mobile version