ഖലിസ്ഥാന്‍ നേതാവ് ഗുര്‍പത്വന്ത് സിങ് പന്നൂന്റെ കൊലപാതക ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ്( റോ) മുന്‍ ഉദ്യോഗസ്ഥനെതിരെ യുഎസ് കുറ്റം ചുമത്തി. വികാസ് യാദവ് എന്ന ഇന്ത്യൻ ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചു. ഉദ്യോഗസ്ഥനെ കൈമാറണമെന്നാണ് യുഎസിന്റെ ആവശ്യം. അതേസമയം വികാസ് യാദവ് ഇപ്പോൾ സർക്കാർ സർവീസിൽ ഇല്ലെന്ന് ഇന്ത്യ അറിയിച്ചു. പന്നൂന്റെ വധശ്രമവുമായി ബന്ധപ്പെട്ട കുറ്റപത്രത്തില്‍ സിസി1 എന്ന് വിശേഷിപ്പിച്ചിരിക്കുന്ന വ്യക്തി ഇന്ത്യന്‍ സര്‍ക്കാര്‍ ജീവനക്കാരനല്ല എന്ന് യുഎസ് നീതിന്യായ വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. ഇന്ത്യ അന്വേഷണത്തിൽ സഹകരിക്കുന്നുണ്ട് എന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്.
പന്നുവിനെ വധിക്കാൻ നിഖിൽ ഗുപ്ത എന്നയാൾക്ക് വികാസ് യാദവ് നിർദേശം നൽകി എന്നാണ് അമേരിക്കയുടെ ആരോപണം. തുടർന്ന് നിഖിൽ ഗുപ്ത ഒരു വാടക കൊലയാളിയെ ചുമതലപ്പെടുത്തി. എന്നാൽ വാടക കൊലയാളിയെന്ന് തെറ്റിദ്ധരിച്ച് ദൗത്യം ഏൽപ്പിച്ചത് അമേരിക്കയുടെ ഒരു രഹസ്യാന്വേഷണ ഏജന്റിനെയാണെന്നാണ് കുറ്റപത്രത്തിലുള്ളത്. തുടർന്ന് നിഖിൽ ഗുപ്തയുടെ നീക്കങ്ങൾ നിരീക്ഷിച്ച് ഏജന്റ് അമേരിക്കൻ സർക്കാരിന് വിവരങ്ങൾ കൈമാറി. അങ്ങനെയാണ് റോ ഉദ്യോഗസ്ഥനിലേക്ക് എത്തിയതെന്ന് യുഎസ് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം പ്രാഗില്‍ നിന്ന് അറസ്റ്റ് ചെയ്ത് യുഎസിലേക്ക് നാടുകടത്തപ്പെട്ട നിഖില്‍ ഗുപ്ത ഇപ്പോള്‍ യുഎസില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടുകയാണ്.