Site iconSite icon Janayugom Online

ഉത്സവം കണ്ട് മടങ്ങിയ യുവാക്കളെ കൊ ലപ്പെടുത്താൻ ശ്രമം: രണ്ട് പേർ പിടിയിൽ

തുടയന്നൂർ മണലുവട്ടത്ത് ഉത്സവം കണ്ട് മടങ്ങിയ യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മൂന്നു പ്രതികളിൽ രണ്ട് പേർ പിടിയിലായി. മണലുവട്ടം സ്വദേശികളും സഹോദരന്മാരുമായ ഷൈജു (32), റിജു (30) എന്നിവരെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 25ന് രാത്രി തുടയന്നൂർ ക്ഷേത്രത്തിലെ ഉത്സവവും കഴിഞ്ഞ് മണലുവട്ടം കാത്തിരിപ്പ് കേന്ദ്രത്തിലിരുന്ന മണലുവട്ടം സ്വദേശികളായ ഷംനാദ്, സജീർ, ഉസ്മാൻ എന്നിവരെയാണ് ഇരുമ്പ് കമ്പിയും, ബിയർ കുപ്പികളുമായി എത്തിയ മൂന്നംഗ സംഘം ആക്രമിച്ചത്. 

സംഭവത്തിലെ പ്രതി റൈജു ഒളിവിലാണ്. നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ് ഇയാൾ. ഷംനാദിന്റെ ഹോട്ടലിൽ ജീവനക്കാരനായിരുന്ന ഷൈജുവിനെ ഒരുമാസം മുമ്പ് പിരിച്ചു വിട്ട് പകരം സജീറിനെ ജോലിക്കെടുത്തിരുന്നു. ഇതിൽ പ്രകോപിതരായ സംഘം സജീറിനെയും, ഷംനാദിനേയും നേരത്ത ആക്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നല്‍കിയതിനുള്ള വൈരാഗ്യമാണ് പിന്നീട് നടന്ന ആക്രമത്തിന് കാരണം. ആക്രമണത്തിൽ പരിക്കേറ്റവർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Exit mobile version