Site iconSite icon Janayugom Online

വിദ്യാർത്ഥിനിയെ ഉപദ്രവിക്കാൻ ശ്രമം; പോക്സോ കേസ് പ്രതി അറസ്റ്റിൽ, രക്ഷകരായത് ഹരിതാകർമ്മ സേനാംഗങ്ങള്‍

നഗ്നത പ്രദർശിപ്പിക്കുകയും ബലമായി പിടിച്ചു വലിച്ച് ആളൊഴിഞ്ഞ വീട്ടിലേക്ക് കയറ്റാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഭരണിക്കാവ് പള്ളിക്കൽ നടുവിലെ മുറിയില്‍ കൊടുവരയ്യത്ത് തെക്കതിൽ ലക്ഷംവീട് കോളനിയിൽ പ്രവീൺ പി (31)
നൂറനാട് പൊലീസിന്റെ പിടിയിലായത്. നവംബർ എട്ടാം തീയതി വൈകിട്ട് നൂറനാട് ഇടക്കുന്നത്തു വെച്ചായിരുന്നു സംഭവം. സ്കൂൾ വിട്ട് മഴയത്തു വന്ന വിദ്യാർത്ഥിനിയെ ഹെൽമെറ്റും റെയിന്‍ കോട്ടും ധരിച്ചു സ്കൂട്ടറിൽ വന്ന ഒരാൾ നഗ്നത പ്രദർശിപ്പിക്കുകയും ബലമായി പിടിച്ചു വലിച്ചു ആളൊഴിഞ്ഞ വീട്ടിലേക്ക് കയറ്റാൻ ശ്രമിക്കുകയും ചെയ്തു. ഈ സമയം ഇതുവഴി വന്ന രണ്ട് ഹരിത കർമ സേന പ്രവർത്തകർ ബഹളം വച്ചതു കൊണ്ടാണ് കുട്ടി രക്ഷപ്പെട്ടത്. സ്കൂട്ടറിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളുടെ പുറകെ ഹരിത കർമ സേന പ്രവർത്തകരായ മഞ്ജുവും ഷാലിയും ഇലക്ട്രിക് ഓട്ടോയിൽ പിന്തുടർന്നുവെങ്കിലും ഇയാൾ രക്ഷപ്പെട്ടു. തുടർന്ന് നൂറനാട് പൊലീസ് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു. ഈ കേസില്‍ അന്വേഷണം നടത്തുന്നതിന് വേണ്ടി ജില്ല പൊലീസ് മേധാവി എം പി മോഹന ചന്ദ്രൻ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചെങ്ങന്നൂർ ഡിവൈഎസ്പി എംകെ ബിനു കുമാർ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. നൂറനാട് പൊലീസ് ഇൻസ്പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഉടനടി സ്ഥലത്തെ സിസി ടിവി ക്യാമറകൾ പരിശോധിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പറ്റിയുള്ള സൂചനകൾ ലഭിച്ചില്ല.

ഇതിനിടയിൽ ഒരു ദിവസം പെൺകുട്ടിയും പിതാവും സ്കൂട്ടറിൽ വരുമ്പോൾ വഴിയിൽ വച്ച് ഇയാൾ സ്കൂട്ടറില്‍ പോകുന്നത് കണ്ട് പിന്തുടർന്നെങ്കിലും പെൺകുട്ടിയുടെ പിതാവ് വാഹനത്തിൽ നിന്ന് വീണ് പരിക്കേറ്റു. അന്നും ഇയാൾ രക്ഷപ്പെട്ടു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി എന്ന് സംശയിക്കുന്ന ആൾ ഉപയോഗിച്ചുവരുന്ന വാഹനത്തിന്റെ വിവരങ്ങൾ ലഭിച്ചു. എന്നാല്‍ ഈ വാഹനം വ്യാജ നമ്പർ പ്ലേറ്റ് പതിച്ചാണ് ഉപയോഗിച്ചുകൊണ്ടിരുന്നത് എന്ന് വ്യക്തമായി. ഇതിനിടയിൽ ഇയാളുടെ ചില സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെ പ്രതിയെ തിരിച്ചറിയാൻ സഹായകരമായി. വീട്ടിൽ സ്ഥിരമായി താമസിക്കാത്ത ഇയാൾ പല സ്ഥലത്തും അലഞ്ഞു തിരിഞ്ഞു നടന്നു കുറ്റകൃത്യങ്ങൾ നടത്തി വരികയാണെന്ന് ബോധ്യപ്പെട്ടു. ജില്ലയിൽ കായംകുളം, കുറത്തികാട്, നൂറനാട്, അമ്പലപ്പുഴ, മാവേലിക്കര എന്നീ സ്ഥലങ്ങളിൽ കഞ്ചാവ് വിപണനം, മോഷണം, കവര്‍ച്ച, അബ്കാരി ഇടപാടുകൾ തുടങ്ങി പതിനഞ്ചോളം കേസുകള്‍ ഇയാള്‍ക്കെതിരേ നിലവിലുണ്ട്.

ഇയാൾ 2024 ജൂലൈ മാസം അമ്പലപ്പുഴ സ്റ്റേഷനിലെ മോഷണക്കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച ശേഷം ജില്ല ജയിലിൽ നിന്നും ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. വിവിധ സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം നടത്തുന്നതിനിടയില്‍ ഇന്ന് പുലർച്ചെ കായംകുളം റെയിൽവേ സ്റ്റേഷൻ പരിസരത്ത് റെയില്‍വേ ഗര്‍ഡറുകള്‍ക്കുമുകളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ഇയാളെ നൂറനാട് പൊലീസ് ഇൻസ്പെക്ടർ എസ്ശ്രീകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യുമ്പോൾ കൈയിൽ കരുതിയിരുന്ന മൂർച്ചയുള്ള കത്തി ഉപയോഗിച്ച് പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ച ഇയാളെ സാഹസികമായി പൊലീസ് സംഘം കീഴടക്കുകയായിരുന്നു. കൈവശം ഉണ്ടായിരുന്ന സ്കൂട്ടർ ചാലക്കുടിയിലെ ഒരു വീടിനുമുന്നിൽ നിന്നും മോഷ്ടിച്ചതാണെന്ന് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി. പ്രതിയെ മാവേലിക്കര കോടതിയില്‍ ഹാജരാക്കി.

ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിൽ നിന്നും കുട്ടിക്ക് രക്ഷകരായത് ഹരിതാകർമ്മ സേനാംഗങ്ങള്‍

പതിമൂന്ന്കാരിയായ വിദ്യാർത്ഥിനിയെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിൽ നിന്നും കുട്ടിക്ക് രക്ഷകരായത് ഹരിതാ കർമ്മ സേനാംഗങ്ങളായ സ്ത്രീകൾ. പ്രതിയെ പിന്തുടർന്ന് പിടികൂടാൻ ഇവർ ശ്രമിച്ചത്അസാമാന്യ ധൈര്യം. രണ്ടാഴ്ച മുൻപ് വൈകുന്നേരം മഴ സമയത്ത് നൂറനാടിന് സമീപമുള്ള റോഡിൽ വച്ചായിരുന്നു ക്രിമിനൽ പശ്ചാത്തലമുള്ളയുവാവ് നഗ്നത പ്രദർശിപ്പിച്ച ശേഷം പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. നൂറനാട് ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മസേനയുടെ വാഹനം ഓടിക്കുന്ന മഞ്ജുവും ഷാലിയും ഈ സമയം ഇതുവഴിയെത്തിയതുകൊണ്ട് മാത്രമാണ് പെൺകുട്ടിയെ ഇയാളിൽ നിന്നും രക്ഷിക്കാനായത്.

 


സ്ഥലത്ത് നിന്നും സ്കൂട്ടറിൽ രക്ഷപ്പെട്ട ഇയാളെ മഞ്ജു സ്കൂട്ടറിലും ഷാലി സഞ്ചരിച്ചിരുന്ന ഹരിത കർമ്മസേനയുടെ ഓട്ടോറിക്ഷയിലും പിന്തുടരുകയായിരുന്നു. പറയംകുളം ജംഗ്ഷനിൽ
സ്കൂട്ടർ ഒതുക്കിയ ഇയാളെ മഞ്ജു പിടിച്ചു നിർത്തിയെങ്കിലും ഇയാൾ തള്ളിയിട്ട് സ്കൂട്ടർ ഓടിച്ചു പോകുകയായിരുന്നു. താഴെ വീണ മഞ്ജുവിന്ചെറിയ പരിക്കുകളും പറ്റി. ഒട്ടും തന്നെ പതറാതെ ഷാലി ഓട്ടോയിൽ ഇയാളെ പിൻതുടർന്നു. പാറജംഗ്ഷൻ പിന്നിട്ട് പടനിലം ജംഗ്ഷനിൽ എത്തിയപ്പോളേക്കും ബാറ്ററി ചാർജ്ജ് തീർന്ന് ഓട്ടോറിക്ഷ നിന്നതോടെ ഷാലി നിരാശയോടെ മടങ്ങുകയായിരുന്നു. മൂന്നു ദിവസം മുമ്പ് ഇതേ പോലുള്ള സ്കൂട്ടർ നൂറനാട്ടുള്ള ചായക്കടയ്ക്ക് മുന്നിലിരിക്കുന്നത് കണ്ട് സംശയം തോന്നിയ മഞ്ജു മൊബൈലിൽ പടമെടുത്ത് നൂറനാട് പോലീസിന് കൈമാറുകയും ചെയ്തിരുന്നു. പ്രതിയെ പിടിക്കാൻ ശ്രമം നടത്തിയ മഞ്ജുവിനെയും ഷാലിയെയും നൂറനാട്ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
സ്വപ്ന സുരേഷ്, വൈസ് പ്രസിഡന്റ്ജി അജികുമാർ, സ്റ്റാന്റിംഗ്
കമ്മിറ്റി ചെയർപേഴ്സൺഗീതാ അപ്പുക്കുട്ടൻ, പഞ്ചായത്തംഗം
ശിവപ്രസാദ് എന്നിവർ അഭിനന്ദിച്ചു. നൂറനാട് സി ഐ എസ് ശ്രീകുമാർ, എസ് ഐ എസ് നിതീഷ് എന്നിവരും
ഹരിത കർമ്മ സേനാംഗങ്ങളെ അഭിനന്ദിച്ചു.

Exit mobile version