Site iconSite icon Janayugom Online

കാളിന്ദി എക്സ്പ്രസ് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം

പ്രയാഗ് രാജ്- ഭീവാനി കാളിന്ദി എക്സ്പ്രസ് അപകടത്തിൽപ്പെടുത്താൻ ശ്രമം. ട്രാക്കിൽ എൽപിജി സിലിണ്ടർ സ്ഥാപിച്ചാണ് ട്രെയിൻ അപകടത്തിൽപ്പെടുത്താൻ ശ്രമിച്ചത്. ബർരാജ്പൂരിനും ബിൽഹൗറിനും ഇടയിലുള്ള മുണ്ടേരി ക്രോസിന് സമീപമാണ് അപകടം. ട്രെയിനിൻ സിലിണ്ടറിൽ ഇടിച്ചയുടൻ വലിയ ശബ്ദം കേൾക്കുകയും ഉടൻ തന്നെ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ഇടുകയും ചെയ്തതിനാൽ വൻ അപകടം ഒഴിവായി.

ട്രെയിൻ നിർത്തിയ ശേഷം ലോക്കോ പൈലറ്റ് ഗാർഡ് രാജീവ് കുമാറിനെയും റെയിൽവേ പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അൻവർഗഞ്ച് റെയിൽവേ സ്റ്റേഷൻ സൂപ്രണ്ടും ആർപിഎഫും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പെട്രോൾ നിറച്ച കുപ്പി, തീപ്പെട്ടി, വെടിമരുന്ന് എന്നിവ അടങ്ങിയ സംശയാസ്പദമായ ബാഗും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു.

സംഭവത്തെ തുടർന്ന് കാളിന്ദി എക്‌സ്പ്രസ് ബിൽഹൗർ സ്റ്റേഷനിൽ നിർത്തിയിട്ടു. ആർപിഎഫും ലോക്കൽ പൊലീസും ട്രാക്കിലും ചുറ്റുമുള്ള കുറ്റിക്കാടുകളിലും സമഗ്രമായ അന്വേഷണം നടത്തി. അന്വേഷണത്തിൽ റെയിൽവേ ട്രാക്കിൽ ഇരുമ്പ് പോലുള്ള വസ്തു ഉരച്ചതിന്റെ പാടുകൾ കണ്ടെത്തിയതിനാൽ ഗൂഢാലോചന നടന്നെന്ന സംശയം ശക്തമാകുകയാണ്. സുരക്ഷ കണക്കിലെടുത്ത് ലഖ്‌നൗ ബാന്ദ്ര എക്‌സ്പ്രസും ബിൽഹൗർ സ്റ്റേഷനിൽ നിർത്തിയിട്ടു.

Exit mobile version