കുമ്മങ്കോട് അഹമ്മദ്മുക്കിൽ ആറു വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന പരാതിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തു. താലൂക്ക് ആശുപത്രിക്ക് സമീപം വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന വെസ്റ്റ് ബംഗാൾ മാൾഡ ജില്ലയിലെ ദുസ്തബിഗിരി സ്വദേശി മൊസ്തഖിം ഷെയ്ഖാണ് (19) അറസ്റ്റിലായത്. ബുധനാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവമെന്ന് നാട്ടുകാർ പറഞ്ഞു.
കുമ്മങ്കോട് അഹ്മദ്മുക്കിലെ വീടിനു സമീപത്തെ കനാൽ പറമ്പിൽ എട്ടു വയസ്സുള്ള ജ്യേഷ്ഠസഹോദരനോടൊപ്പം കളിക്കുകയായിരുന്ന ആറുവയസ്സുകാരനെ പ്രതി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാണ് പരാതി. ബലമായി പൊക്കിയെടുത്ത കുട്ടിയെ വായ് പൊത്തിപ്പിടിച്ച് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ മൂത്തകുട്ടി ബഹളം വെച്ചതോടെ കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാർ പ്രതിയെ പിടിച്ച് പൊലീസിൽ ഏൽപിക്കുകയുമായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച നാദാപുരം സ്റ്റേഷനു സമീപത്തുവെച്ച് മറ്റൊരു കുട്ടിയെ തട്ടിയെടുക്കാൻ ശ്രമം നടത്തിയതും ഇയാൾ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിന് പിറകിലെ ദുരൂഹത തുടരന്വേഷണത്തിലൂടെ മാത്രമെ കണ്ടെത്താൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു. രണ്ടു സംഭവങ്ങളിലും വ്യത്യസ്തമായ മൊഴികളാണ് പ്രതി പൊലീസിന് നൽകിയത്. ഒന്നിച്ച് താമസിക്കുന്ന പ്രതിയുടെ സഹോദരനുൾപ്പെടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. എട്ടു മാസമായി ഇയാൾ നാദാപുരത്ത് കൂലിപ്പണി ചെയ്തുവരുകയാണ്.
English summary: Attempted child abduction; Non-state worker arrested
you may also like this video: