അങ്ങാടിപ്പുറം സ്വദേശികളായ അച്ഛനെയും മകനെയും തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ എട്ട് പേര്‍ അറസ്റ്റില്‍. ചരക്കു ലോറിയുമായി
ഹൈദരാബാദിലേക്കു പോകുകയായിരുന്ന സക്കീര്‍ അലിയെയും (45), മകന്‍ സക്കീര്‍ ഹുസൈനെയും (18) വാനിലും ലോറിയിലുമെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. എറണാകുളം സ്വദേശികളായ വണ്ടിപ്പേട്ട മാന്നുള്ളിയില്‍ പുത്തല്‍പുരയില്‍ ശ്രീഹരി (25), എടക്കാട്ടുവയല്‍ മനേപറമ്പില്‍ എം ആര്‍ അനൂപ് (31), തിരുവാണിയൂര്‍ ആനിക്കുടിയില്‍ എല്‍ദോ വില്‍സണ്‍ (27), പെരീക്കാട് വലിയവീട്ടില്‍ വി ജെ വിന്‍സന്റ് (54),തിരുവാണിയൂര്‍ പൂപ്പളളി പി ജെ ജോസഫ് (40), ചോറ്റാനിക്കര, മൊതാലിന്‍ സനല്‍ സത്യന്‍ (27), കൊല്ലം കുണ്ടറ രശ്മി നിവാസില്‍ രാഹുല്‍ (26), തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് കുട്ടന്‍താഴത്ത് എസ് ശ്രീക്കുട്ടന്‍ (28) എന്നിവരാണ് അറസ്റ്റിലായത്.
ദേശീയപാത 766ല്‍ നിരപ്പം എന്ന സ്ഥലത്തു വച്ച് ലോറി തടഞ്ഞാണ് അച്ഛനെയും മകനെയും സംഘം തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. സക്കീര്‍ അലിയെ വാനിലും സക്കീര്‍ ഹുസൈനെ ലോറിയിലുമാണു കയറ്റിയത്. ലോറി ചുരത്തില്‍ കേടായതിനെ തുടര്‍ന്നു സംഘം വെള്ളം കുടിക്കാന്‍ ഇറങ്ങിയ സമയത്ത് സക്കീര്‍ ഹുസൈന്‍ സമീപത്തെ കടയില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് താമരശ്ശേരി പൊലീസെത്തി ലോറിയിലുള്ളവരെ പിടികൂടി. വാന്‍ ഏറെദൂരം പിന്നിട്ടിരുന്നെങ്കിലും തൃപ്പൂണിത്തുറ പൊലീസില്‍ വിവരമറിയിച്ച് അവരെയും പിടികൂടി. എട്ട് പേരുടെയും അറസ്റ്റ് ബത്തേരി പൊലീസ് രേഖപ്പെടുത്തി. സക്കീര്‍ അലിയും ബിസിനസ് പങ്കാളിയും തമ്മിലുള്ള സാമ്പത്തിക പ്രശ്‌നങ്ങളാണ്
തട്ടിക്കൊണ്ടു പോകാൻ കാരണമെന്നാണു നിഗമനം.

