Site iconSite icon Janayugom Online

ഇഷ്ടിക ശേഖരണം: ‘പൊങ്കാല’യ്ക്ക് മറുപടിയുമായി മേയര്‍ ആര്യ

ആറ്റുകാൽ പൊങ്കലയ്ക്ക് ശേഷം ഉപേക്ഷിക്കുന്ന ഇഷ്ടികകൾ ശേഖരിക്കുന്നതിന് പിഴ ഈടാക്കുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് തെറ്റായ വാർത്തകളാണെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ഇഷ്ടികകള്‍ ശേഖരിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കും എന്ന നിലയ്ക്ക് വ്യാപക പ്രചാരണം ഉണ്ടാവുകയും സമൂഹമാധ്യമങ്ങളില്‍ മേയര്‍ക്കെതിരെ ട്രോളുകളും വ്യാപകമായിരുന്നു.

പൊങ്കാല സുഗമമായി അർപ്പിക്കുന്നതിനും ഭക്തർക്ക് നഗരത്തിൽ വന്നു തിരിച്ചുപോകുന്നതിനും എല്ലാ ക്രമീകരണങ്ങളും നഗരസഭ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മേയര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. എന്നാൽ പൊങ്കാലയ്ക്ക് ശേഷമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നതുപോലെതന്നെ പ്രധാനമാണ് പൊങ്കാല അടുപ്പിനായി ഉപയോഗിക്കുന്ന ചുടുകല്ലുകൾ നീക്കം ചെയ്യുന്നതും. ഭക്തർ പൊങ്കാലയ്ക്കായി കൊണ്ടുവരുന്ന ഏതൊരു വസ്തുവും തിരികെ കൊണ്ടുപോകാൻ അവർക്ക് എല്ലാ അവകാശവമുണ്ട്. എന്നാൽ അവർ ഉപേക്ഷിക്കുന്ന ചുടുകല്ല് ഉൾപ്പെടെയുള്ള വസ്തുവകകൾ ശേഖരിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള ചുമതലയും അധികാരവും കേരള മുൻസിപാലിറ്റി ആക്ട് 330 പ്രകാരം നഗരസഭയ്ക്കാണ്.

എന്നാല്‍ മുൻവർഷങ്ങളിൽ ഇത്തരത്തിൽ പൊങ്കാല അടുപ്പിന് ഉപയോഗിക്കുന്ന ചുടുകല്ലുകൾ ശേഖരിച്ച് മറിച്ച് വിൽക്കുന്ന ലോബികൾ ഉണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് ഒഴിവാക്കുന്നതിനും കൂടാതെ ഇത്തരത്തിൽ ശേഖരിക്കുന്ന ചുടുകല്ലുകൾ പുനരുപയോഗിച്ച് മുൻഗണനാ ക്രമത്തിൽ വിവിധ ഭവനപദ്ധതികൾക്ക് (ലൈഫ് ഉൾപ്പെടെയുള്ള) ഉപയോഗപ്പെടുത്തുന്നതാണ്. ആയതിനാൽ നിലവിൽ നഗരസഭയ്ക്ക് എതിരെ നടക്കുന്ന വ്യാജപ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നും ആറ്റുകാൽ പൊങ്കാലയുടെ വിജയത്തിനായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും സന്നദ്ധ സംഘടനകൾക്കും എല്ലാ പിന്തുണയും നൽകണമെന്നും മേയര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

 

Eng­lish Sam­mury: attukal pon­gala may­or arya rajen­dran lat­est state­ment of pon­gala bricks collection

 

Exit mobile version