Site iconSite icon Janayugom Online

ഷാർജയിലെ അതുല്യയുടെ മരണം കൊലപാതകം തന്നെ; സതീഷിന് കടുത്ത ശിക്ഷ നൽകണമെന്നും കുടുംബം

ഷാർജയിലെ അതുല്യയുടെ മരണം കൊലപാതകം തന്നെയെന്നും ഭർത്താവ് സതീഷിന് കടുത്ത ശിക്ഷ നൽകണമെന്നും കുടുംബം. സതീഷിന്റെ ചില ബന്ധങ്ങളുടെ പേരിൽ അതുല്യയുമായി സ്ഥിരം തർക്കിച്ചിരുന്നുവെന്നും ഗർഭിണിയായിരുന്നപ്പോൾ വരെ ഉപദ്രവിച്ചുവെന്നും സഹോദരി അഖില. മരിക്കുന്നതിന് തലേന്ന് രാത്രി 11.30വരെ അതുല്യ തന്നോട് ഫോണിൽ സംസാരിച്ചിരുന്നു. അതുല്യ മരിച്ച ദിവസം സതീഷിനെ കാണുമ്പോൾ മദ്യലഹരിയിൽ ആയിരുന്നു. ഇത്രയും തെളിവുകൾ ഉണ്ടായിട്ടും പ്രതി ജാമ്യം കിട്ടി പുറത്തു നടക്കുന്നത് അംഗീകരിക്കാനാകില്ല. അതുല്യയ്ക്ക് നീതി ലഭിക്കണമെന്നും അഖില പറഞ്ഞു.

 

അതുല്യ മരിക്കുന്നതിന് തലേ ദിവസം വലിയ സന്തോഷത്തിലായിരുന്നു. അന്ന് അതുല്യയുടെ പിറന്നാൾ ആയിരുന്നു. അടുത്ത ദിവസം പുതിയ ജോലിയ്ക്ക് കയറാൻ ഇരുന്നതാണ്. വലിയ പ്രതീക്ഷയിലായിരുന്നു. അങ്ങനെ ഒരാൾ ഒരിക്കലും സ്വയം ജീവനൊടുക്കില്ലെന്നും അഖില പറഞ്ഞു. ജാമ്യം റദ്ദാക്കി സതീഷിനെ കസ്റ്റഡിയിൽ എടുക്കണമെന്ന് അതുല്യയുടെ പിതാവ് രാജശേഖരൻ പിള്ള പറഞ്ഞു. ചിരിച്ചു കളിച്ച് ഫോട്ടോ സ്റ്റാറ്റസിട്ട അതുല്യ സ്വയം ജീവനൊടുക്കില്ല. അന്ന് മകളുടെ ജന്മദിനമായിരുന്നു. അനിയത്തിയുടെ വീട്ടിൽ നിന്ന് ബിരിയാണി കഴിച്ച് വളരെ സന്തോഷത്തോടെയാണ് അവൾ പോയത്. പിന്നെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version