ടി20 ലോകകപ്പില്‍ വീണ്ടും ഓസ്‌ട്രേലിയയ്ക്ക് അടിതെറ്റി. നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയ്ക്ക് എട്ടുവിക്കറ്റിന്റെ ആധികാരിക ജയം. ഓസീസ് ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം ശ്രീലങ്ക 18 ഓവറില്‍ മറികടന്നു. പാത്തും നിസങ്ക ടി20 ലോകകപ്പിലെ ആദ്യ സെഞ്ചുറിയോടെ തിളങ്ങി. 52 പന്തില്‍ പത്ത് ബൗണ്ടറികളും അഞ്ച് സിക്സറും സഹിതമായിരുന്നു നിസങ്കയുടെ ഇന്നിങ്സ്. 51 റണ്‍സ് നേടിയ കുശാല്‍ മെന്‍ഡിസ് മികച്ച പിന്തുണ നല്‍കി. നേരത്തെ സിംബാബ്‌വെയോട് പരാജയപ്പെട്ടിരുന്ന ഓസ്ട്രേലിയയുടെ സൂപ്പര്‍ എട്ട് പ്രവേശനം ഇതോടെ അനിശ്ചിതത്തിലായി.
പല്ലേക്കല്ലെയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസിനെ നിശ്ചിത 20 ഓവറില്‍ 181 റണ്‍സിന് ശ്രീലങ്ക ഓള്‍ഔട്ടാക്കി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദുഷന്‍ ഹേമന്തയാണ് ഓസീസിനെ എറിഞ്ഞിട്ടത്. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ മിച്ചല്‍ മാര്‍ഷും ട്രാവിസ് ഹെഡും അര്‍ധ സെഞ്ചുറി നേടി. ട്രാവിസ് ഹെഡ് 29 പന്തില്‍ 56 റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് 27 പന്തില്‍ 54 റണ്‍സെടുത്തു. പിന്നീട് ജോഷ് ഇംഗ്ലിസിനും (27) ഗ്ലെന്‍ മാക്‌സ്‌വെല്ലിനും (22) മാത്രമാണ് രണ്ടക്കം കടക്കാനായത്.

