Site iconSite icon Janayugom Online

ചെലവുചുരുക്കല്‍ നടപടികള്‍ അന്യായം; ഫ്രാന്‍സില്‍ സര്‍ക്കാരിനെതിരേ പ്രതിഷേധം

സര്‍ക്കാരിന്റെ ചെലവ് ചുരുക്കല്‍ നടപടിക്കെതിരെ ഫ്രാന്‍സില്‍ വീണ്ടും പ്രതിഷേധം ശക്തമാകുന്നു. പതിനായരക്കണക്കിന് തൊഴിലാളികളും വിദ്യാര്‍ത്ഥികളും പെന്‍ഷന്‍കാരും തെരുവിലറങ്ങിയതോടെ തൊഴിലാളി വര്‍ഗ പ്രതിരോധത്തിന്റെ ശക്തമായ പുനരുജ്ജീവനത്തിനാണ് ഫ്രാന്‍സ് സാക്ഷ്യം വഹിച്ചത്. ജനറല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ലേബര്‍ (സിജിടി), ഫ്രഞ്ച് ഡെമോക്രാറ്റിക് കോണ്‍ഫെഡറേഷന്‍ ഓഫ് ലേബര്‍ (സിഎഫ്ഡിടി) എന്നിവയുള്‍പ്പെടെയുള്ള ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മുന്‍ പ്രധാനമന്ത്രി ഫ്രാങ്കോയിസ് ബെയ്റൂവിന്റെ ചെലവ് ചുരുക്കല്‍ നടപടികള്‍ക്കെതിരേയാണ് പ്രതിഷേധം ഉയരുന്നത്. ഫ്രാങ്കോയിസ് നിര്‍ദേശിച്ച ജനവിരുദ്ധ നടപടികള്‍ ഉപേക്ഷിക്കാന്‍ യൂണിയനുകള്‍ പുതിയ പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍ണുവിനോട് ആവശ്യപ്പെട്ടു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ പൊതുചെലവുകളില്‍ നിന്ന് 44 ബില്യണ്‍ യൂറോ (52 ബില്യണ്‍ ഡോളര്ഡ) വെട്ടിക്കുറയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ദശലക്ഷക്കണക്കിന് തൊഴിലാളിവര്‍ഗ പൗരന്മാര്‍ ദിവസേന ആശ്രയിക്കുന്ന പൊതുമേഖലയ്ക്കും സേവനങ്ങള്‍ക്കും എതിരെയുള്ള നേരിട്ടുള്ള ആക്രമണമായാണ് ചെലവുചുരുക്കല്‍ നടപടികളെ വിലയിരുത്തുന്നത്. കൂടാതെ വിരമിക്കല്‍ പ്രായം 62ല്‍ നിന്ന് 64ആയി ഉയര്‍ത്താനുള്ള സര്‍ക്കാരിന്റെ തീരുമാനം അവകാശങ്ങള്‍ക്കുവേണ്ടി ദീര്‍ഘകാലമായ പോരാടിയ തൊഴിലാളികളോടുള്ള വഞ്ചനയാണെന്നും യൂണിയനുകള്‍ ചൂണ്ടിക്കാട്ടുന്നു.
പെന്‍ഷന്‍ പരിഷ്കരണം പിന്‍വലിക്കുക, പൊതുസേവനങ്ങള്‍ക്കുള്ള ഫണ്ടിങ് വര്‍ധിപ്പിക്കുക, സമ്പന്നര്‍ക്ക് ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളാണ് ട്രേ‍ഡ് യൂണിയനുകള്‍ മുന്നോട്ടുവയ്ക്കുന്നത്. കഴിഞ്ഞ മാസം ചുമതലയേറ്റ പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍ണു ഇതുവരെ തന്റെ ബജറ്റ് വിശദാംശങ്ങള്‍ വെളിപ്പെടുത്തുകയോ ക്യാബിനറ്റ് മന്ത്രിമാരെ നിയമിക്കുകയോ ചെയ്തിട്ടില്ല. വര്‍ഷാവസാനത്തിന് മുമ്പ് പാര്‍ലമെന്റ് ബജറ്റ് ചര്‍ച്ച ചെയ്യാന്‍ തുടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും സമ്പന്നരായ 0.01% പേർക്ക് 2% സ്വത്ത് നികുതി ഏർപ്പെടുത്തുക, പെൻഷൻ പരിഷ്കരണം റദ്ദാക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങള്‍ അദ്ദേഹം തള്ളിക്കളഞ്ഞു. പകരം, സ്ത്രീകൾക്ക് മെച്ചപ്പെട്ട പെൻഷൻ വ്യവസ്ഥകൾ പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്.
പ്രതിഷേധങ്ങളുടെ പ്രാധാന്യം കുറച്ചുകാണിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടും, വ്യാഴ്യാഴ്ച നടന്ന പ്രതിഷേധ പരിപാടികളുടെ വ്യാപ്തി നിഷേധിക്കാനാവാത്തതായിരുന്നു. പാരിസില്‍ 25,000 പേരുള്‍പ്പെടെ രാജ്യവ്യാപകമായി ഏകദേശം 1,95,000 പേര്‍ പ്രതിഷേധങ്ങളില്‍ പങ്കെടുത്തതായി ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ യൂണിയന്‍ കണക്കുകള്‍ പ്രകാരം 6,00,000 പേരാണ് പ്രകടനങ്ങളുടെ ഭാഗമായത്. ഫ്രാന്‍സില്‍ ഉടനീളമുള്ള 200-ലധികം പട്ടണങ്ങളിലും ഗ്രാമങ്ങളിലും പ്രതിഷേധക്കാര്‍ തെരുവുകള്‍ കീഴടക്കി. lഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളെ പണിമുടക്കുകള്‍ വ്യാപിച്ചു. പ്രതിഷേധങ്ങളെത്തുടര്‍ന്ന് ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഈഫല്‍ ടവര്‍ അടച്ചുപൂട്ടി. മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സുരക്ഷയും ശക്തമാക്കി.
ഒക്ടോബർ രണ്ടിലെ പണിമുടക്കുകൾ ഒറ്റപ്പെട്ട ഒരു സംഭവമായിരുന്നില്ല, മറിച്ച് വർഷങ്ങളായി രൂപപ്പെട്ടുവരുന്ന വിശാലമായ ഒരു പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു. സെപ്റ്റംബറിൽ, “ബ്ലോക്വോൺസ്-ടൗട്ട്” (എല്ലാം തടയുക) പ്രസ്ഥാനം ശക്തി പ്രാപിച്ചു. പ്രതിഷേധക്കാർ രാജ്യത്തുടനീളം പണിമുടക്കുകളും പ്രതിഷേധ റാലികളും സംഘടിപ്പിച്ചു. സമൂഹമാധ്യമങ്ങള്‍ വഴി സംഘടിപ്പിക്കപ്പെട്ട ജനകീയ പ്രസ്ഥാനം, സർക്കാരിന്റെ നയങ്ങൾക്കെതിരെ തൊഴിലാളികളെയും വിദ്യാർത്ഥികളെയും അണിനിരത്തുന്നതിൽ നിർണായക പങ്കുവഹിച്ചു.

Exit mobile version