Site iconSite icon Janayugom Online

ഓട്ടിസം ബാധിതരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കണം; മന്ത്രി

ലോക ഓട്ടിസം ബോധവത്കരണ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വാക്കത്തോൺ ഫ്ലാഗ് ഓഫ്ചെയ്ത് മന്ത്രി ആർ ബിന്ദു നിർവഹിച്ചു. ഇരിങ്ങാലക്കുട ടൗൺഹാളിൽ നിന്ന് ആരംഭിച്ച വാക്കത്തോൺ അയ്യങ്കാവ് മൈതാനിയിൽ സമാപിച്ചു. ഓട്ടിസം ദിനത്തോടനുബന്ധിച്ച് ‘റൺ ഫോർ ഓട്ടിസം’ എന്ന സന്ദേശവുമായി ഇരിങ്ങാലക്കുട നഗരത്തിൽ നടത്തിയ പരിപാടി ശ്രദ്ധേയമായി. ഓട്ടിസം ഉൾപ്പെടെ നാഡീ സംബന്ധമായ പ്രശ്നങ്ങളിലൂടെ കടന്നു പോകുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന വിധത്തിലുള്ള ഉൾചേർക്കൽ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖത്തിൽ എല്ലാ മെഡിക്കൽ കോളജുകളിലും ജില്ലാ കേന്ദ്രങ്ങളിലും റീജിയണൽ ഏർലി ഇന്റർവെൻഷൻ സെന്ററുകൾ ഉണ്ട്. പ്രാരംഭഘട്ടത്തിൽ തന്നെ ഇടപ്പെടലുകൾ നടത്തി പ്രശ്നങ്ങൾ കണ്ടെത്തുന്നതിനും ശരിയായ പരിശീലനം നൽകുന്നതിനും ഇത്തരം കേന്ദ്രങ്ങൾ സഹായകമാണെന്നും മന്ത്രി പറഞ്ഞു. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് വിശിഷ്ടാതിഥിയായി. ഇരിങ്ങാലക്കുട ബി ആര്‍ സി, പ്രതീക്ഷ ഭവൻ, നിപ്മർ സ്പെഷ്യൽ സ്കൂൾ തുടങ്ങിയ സ്കൂളിലെ വിദ്യാർത്ഥികളാണ് വാക്കത്തോണിൽ പങ്കെടുത്തത്. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, നിപ്മർ എക്സിക്യൂട്ടീവ് ഡയറക്ടർ സി ചന്ദ്രബാബു, ഇരിങ്ങാലക്കുട ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ശിവദാസൻ, സെന്റ് ജോസഫ് കോളജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ പി ഡി സിജി, എം പി ജാക്സൺ, നിപ്മർ റിസർച്ച് കോര്‍ഡിനേറ്റർ ആന്റ് ഡയറ്റീഷ്യൻ ആർ മധുമിത, ബിആർസി പ്രതിനിധികൾ, കോളജ് വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ക്രൈസ്റ്റ് കോളജ്,സെന്റ് ജോസഫ് കോളജ്, പ്രതീക്ഷ ഭവൻ എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് വാക്കത്തോൺ സംഘടിപ്പിച്ചത്.

Exit mobile version