ഇന്ത്യക്ക് അഭിമാനമായി പാരിസ് പാരാലിമ്പിക്സില്‍ ആദ്യ സ്വര്‍ണം ഷൂട്ട് ചെയ്ത് നേടി ആവണി ലേഖര. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ സ്റ്റാന്‍ഡിങ് എസ്എച്ച് 1 ഇനത്തിലാണ് മെഡല്‍ നേട്ടം. ടോക്യോയിലും സ്വര്‍ണം നേടിയ താരത്തിന്റെ തുടര്‍ച്ചയായ രണ്ടാം സ്വര്‍ണമെഡല്‍ നേട്ടമാണിത്. ഈ ഇനത്തില്‍ വെങ്കലവും ഇന്ത്യക്കാണ്. 36കാരിയായ മോന അഗര്‍വാളാണ് വെങ്കല ജേതാവ്.
ടോക്യോയിൽ സ്ഥാപിച്ച പാരാലിമ്പിക്സ് റെക്കോഡ് മെച്ചപ്പെടുത്തിയാണ് ആവണി സ്വർണം നേടിയത്. 22കാരിയായ ആവണി നേടുന്ന മൂന്നാമത്തെ പാരാലിമ്പിക്സ് മെഡലാണിത്. നേരത്തെ 2020ലെ ടോക്യോ പാരാലിമ്പിക്സ് വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ ആവണി വെങ്കലവും നേടിയിട്ടുണ്ട്. 249.7 പോയിന്റോടെയാണ് ആവണി പാരിസില്‍ സ്വര്‍ണമണിഞ്ഞത്. 249.6 പോയിന്റായിരുന്നു ടോക്യോയില്‍ ഇന്ത്യന്‍ ഷൂട്ടര്‍ നേടിയത്. ദക്ഷിണ കൊറിയയുടെ വൈ ലീയ്ക്കാണ് ഈ വിഭാഗത്തില്‍ വെള്ളി. 246.8 പോയിന്റോടെ അവനിക്ക് മികച്ച മത്സരം സമ്മാനിച്ചാണ് ലീ രണ്ടാം സ്ഥാനത്തെത്തിയത്. 228.7 പോയിന്റാണ് മോനയ്ക്ക് നേടാനായത്. ഇന്ത്യയുടെ മെഡല്‍ കുതിപ്പിന് വലിയ ഊര്‍ജം നല്‍കുന്ന നേട്ടമാണ് ഷൂട്ടിങ്ങില്‍ താരം നേടിയെടുത്തതെന്ന് പറയാം.
മനീഷ് നര്‍വലിന് വെള്ളി
പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്എച്ച് 1 ല്‍ ഇന്ത്യയുടെ മനീഷ് നര്‍വലിന് വെള്ളി. 234.9 പോയിന്റ് നേടിയാണ് നര്‍വല്‍ ഒന്നാമതെത്തിയത്. 237.4 പോയിന്റ് നേടിയ ദക്ഷിണ കൊറിയയുടെ ജെ ഡി ജോ സ്വര്‍ണം നേടിയപ്പോള്‍ 214.3 പോയിന്റ് നേടിയ സി യാങ്ങിനാണ് വെങ്കലം.
ട്രാക്കിലും മെഡല്‍
വനിതകളുടെ 100 മീറ്റര്‍ ടി35 ഇനത്തില്‍ ഇന്ത്യയുടെ പ്രീതി പാളിന് വെങ്കലം. 14.21 സെക്കന്റില്‍ ഫിനിഷ് ചെയ്ത പ്രീതിയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. ചൈനീസ് താരങ്ങള്‍ക്കാണ് സ്വര്‍ണവും വെള്ളിയും.