Site iconSite icon Janayugom Online

ആക്സിയം-4 ദൗത്യം; പേടകം ബഹിരാകാശ നിലയത്തിലെത്തി

ഇത് ചരിത്രം നിമിഷം. ശുഭാംശു ശുക്ലയും സംഘവും ബഹിരാകാശ നിലയത്തിലെത്തി. ആക്‌സിയം 4 ദൗത്യത്തിന്റെ നിർണായക ഘട്ടമായ ഡോക്കിങ് പൂർത്തിയായത്. വൈകിട്ട് നാലോടെ പേടകം അന്തരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ വിജയകരമായി ഡോക് ചെയ്തു. ബുധനാഴ്ചയാണ് സഞ്ചാരികളെയും വഹിച്ചുകൊണ്ട് സ്പേയ്‌സ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചത്. ക്രൂ ഡ്രാഗൺ ബഹിരാകാശ പേടകത്തിലാണ്‌ അവർ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. അമേരിക്കൻ കമ്പനിയായ ആക്സിയം സ്പേസ്, നാസ, സ്പേയ്‌സ്എക്സ്, ഐഎസ്‌ആർഒ എന്നിവയുടെ സഹകരണത്തോടെയാണ് ദൗത്യസംഘം പുറപ്പെട്ടത്. ഫ്ലോറിഡയിലെ നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽനിന്ന് ബുധനാഴ്ച പകൽ 12.01നാണ് വിക്ഷേപണം നടന്നത്. 28 മണിക്കൂറും അമ്പത് മിനിറ്റും ഭൂമിയെ ചുറ്റിയ പേടകം വ്യാഴാഴ്ച വൈകിട്ട്‌ നാലിനാണ് അന്തരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക്‌ ചെയ്തത്. ശുക്ലയും സംഘവും നിലയത്തിൽ പ്രവേശിക്കാനുള്ള നടപടികൾ പൂർത്തിയാക്കുകയാണ്. 14 ദിവസം നിലയത്തിൽ പരീക്ഷണങ്ങൾക്ക്‌ നേതൃത്വം നൽകിയശേഷം സംഘം മടങ്ങിയത്. നാസയുടെ ബഹിരാകാശ നിലയത്തിൽ എത്തുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല.

സാങ്കേതിക പ്രശ്‌നങ്ങൾ മൂലം ആറു തവണ മാറ്റിവച്ച ദൗത്യമാണ് ഇന്ന് ചരിത്രം കുറിച്ചിരിക്കുന്നത്. നാസ, സ്‌പേസ് എക്‌സ്‌, ആക്‌സിയം സ്‌പേസ്‌, ഐഎസ്‌ആർഒ എന്നിവയുടെ സംയുക്ത പദ്ധതിയാണ്‌ ആക്‌സിയം 4 ദൗത്യം. ശുക്ലയ്‌ക്കൊപ്പം മൂന്നു പേർകൂടി ബഹിരാകാശ നിലയത്തിലേക്ക് പോകുന്നുണ്ട്. നാസയുടെ മുൻ ബഹിരാകാശയാത്രികയും ആക്സിയം സ്പേയ്‌സിന്റെ ഹ്യൂമൻ സ്പേയ്‌സ്‌ ഫ്ളൈറ്റ്‌ ഡയറക്ടറുമായ പെഗ്ഗി വിറ്റ്സൺ ആണ് കമാൻഡർ. ശുഭാൻശു ശുക്ല പൈലറ്റും. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ പോളിഷ് പ്രോജക്ട് ബഹിരാകാശയാത്രികനായ സ്വാവോസ് ഉസ്‌നാൻസ്‌കി-വിസ്‌നിവസ്‌കി, ഹംഗറിയിൽനിന്നുള്ള ടിബോർ കാപു എന്നിവരാണ്‌ മറ്റുള്ളവർ. രാകേഷ്‌ ശർമയ്‌ക്ക്‌ ശേഷം ആദ്യമായി ബഹിരാകാശത്തെത്തുന്ന ഇന്ത്യാക്കാരനാണ്‌ ശുക്ല. 

Exit mobile version