Site iconSite icon Janayugom Online

ആക്സിസ്-മാക്സ് ഹെല്‍ത്ത് കേസും മുക്കി; സെബി കൂടുതല്‍ കുരുക്കിലേക്ക്

sebisebi

ആക്സിസ്- മാക്സ് ഹെല്‍ത്ത് കെയര്‍ കേസ് അന്വേഷണത്തില്‍ സെക്യൂരീറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ചിന്റെ നിലപാട് സംശയാസ്പദം. ഡല്‍ഹി ഹൈക്കോടതിയില്‍ ഇതു സംബന്ധിച്ചുള്ള ഹര്‍ജിയും സെബി അന്വേഷണത്തിലെ മെല്ലെപ്പോക്കുമാണ് സെബി ചെയര്‍പേഴ്സണിന്റെ ചെയ്തികളില്‍ സംശയം വര്‍ധിപ്പിച്ചത്.
അഡാനി ഗ്രൂപ്പുമായി മാധബിയും ഭര്‍ത്താവും സുതാര്യമല്ലാത്ത സാമ്പത്തിക ഇടപാട് നടത്തിയെന്നും അഡാനി കമ്പനിയുടെ തട്ടിപ്പ് സംബന്ധിച്ചുള്ള അന്വേഷണം ഇഴയുന്നതിന് പിന്നില്‍ ഈ ഇടപാടാണെന്നുമുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് പുതിയ ആരോപണം ഉയര്‍ന്നിരിക്കുന്നത്. 2015 ഫെബ്രുവരി നാല് മുതല്‍ 2017 ഏപ്രില്‍ മൂന്ന് വരെ മാക്സ് ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ലിമിറ്റഡിന്റെ ഡയറക്ടര്‍ പദവി വഹിച്ചിരുന്ന മാധബി പുരി ബുച്ചിന്റെ അനധികൃത ഇടപെടല്‍ കാരണം അന്വേഷണവും ഇതു സംബന്ധിച്ച് ഡല്‍ഹി ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസും മന്ദഗതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ഡോ. സുബ്രഹ്മണ്യന്‍ സ്വാമിയാണ് ഇതു സംബന്ധിച്ച് കോടതിയില്‍ ആക്ഷേപം ഉന്നയിച്ചത്. മാധബിയും മാക്സ് ഹെല്‍ത്ത് കെയറും തമ്മിലുള്ള ബന്ധമാണ് കേസ് ഇഴഞ്ഞുനീങ്ങാന്‍ കാണണമെന്നും വിഷയത്തില്‍ സെബി മേധാവിക്ക് നിക്ഷിപ്ത താല്പര്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആക്സിസ് ബാങ്ക്, മാക്സ് ഹെല്‍ത്ത് കെയര്‍ ഓഹരികള്‍ വളഞ്ഞ വഴിയിലൂടെ കരസ്ഥമാക്കാന്‍ ശ്രമിച്ചുവെന്ന സ്വാമിയുടെ ഹര്‍ജി പരിഗണിച്ച കോടതി വിഷയത്തില്‍ സെബി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാല്‍ കേസിന്റെ തുടരന്വേഷണവും ഇടക്കാല റിപ്പോര്‍ട്ടും സമര്‍പ്പിക്കുന്നതില്‍ സെബി കുറ്റകരമായ അനാസ്ഥ പുലര്‍ത്തിയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പൊതുതാല്പര്യ ഹര്‍ജിയിലൂടെ കോടതിയെ ബോധിപ്പിച്ചു. മാക്സ് ഹെല്‍ത്ത് കെയറില്‍ ഉന്നത സ്ഥാനം വഹിച്ച വ്യക്തി സെബിയുടെ തലപ്പത്ത് തുടരുന്നത് സ്വതന്ത്ര അന്വേഷണത്തിന് വിഘാതം സൃഷ്ടിക്കുന്നതായും അന്വേഷണത്തില്‍ സെബി ചെയര്‍പേഴ്സന്റെ നിക്ഷിപ്ത താല്പര്യം തെളിയുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. 

ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിട്ടി ചട്ടങ്ങള്‍ക്ക് വിരുദ്ധമായ ഓഹരി കൈമാറ്റമാണ് ആക്സിസ് ബാങ്കും മാക്സ് ലൈഫ് ഇന്‍ഷുറന്‍സും തമ്മില്‍ നടന്നത്. അതേസമയം സെബി ചെയർപേഴ്‌സണെ ഹര്‍ജിയിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി സുബ്രഹ്മണ്യന്‍ സ്വാമിയുടെ പൊതുതാല്പര്യ ഹര്‍ജി തള്ളുകയായിരുന്നു. എന്നാല്‍ അന്വേഷണം വേഗത്തിലാക്കണമെന്നും നിയമപരമായ മാനദണ്ഡങ്ങൾക്കനുസൃതമായി കേസ് നിയന്ത്രിക്കണമെന്നും സെബിയോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മാധബി പുരി ബുച്ചിന്റെ സമ്പാദ്യങ്ങളെക്കുറിച്ച് ധനകാര്യ മന്ത്രാലയം അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

Exit mobile version