Site iconSite icon Janayugom Online

ആയാറാം ഗയാറാം നിതീഷ് കുമാര്‍

മകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെയും സ്വഭാവത്തെയും പ്രതീകവല്‍ക്കരിക്കാന്‍ പറ്റിയ നാമമാണ് നിതീഷ് കുമാര്‍ എന്ന സോഷ്യലിസ്റ്റ് പ്രേതം. രാഷ്ട്രീയത്തില്‍ നൈതികത, സംശുദ്ധി, താത്വികമൂല്യങ്ങള്‍ എല്ലാം അനാവശ്യഘടകമാണെന്നും അധികാരത്തോടുള്ള ആര്‍ത്തിയും ആക്രാന്തവുമായിരിക്കണം ചാലകശക്തിയെന്നും നിതീഷ് കുമാര്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു. നിതീഷിന്റെ മാനസിക വ്യാപാരങ്ങളെ പണ്ടേ തിരിച്ചറിഞ്ഞതിനാലായിരിക്കാം സഹപ്രവര്‍ത്തകരും സഹയാത്രികരും അദ്ദേഹത്തിന് പലവിധ അപരനാമങ്ങള്‍ ചാര്‍ത്തിക്കൊടുത്തിരുന്നത്. കര്‍മ്മഫലത്താല്‍ അദ്ദേഹം കൂടുതല്‍ വിശേഷണങ്ങള്‍ സമ്പാദിച്ചുകൊണ്ടുമിരിക്കുകയാണ്. ബിഹാര്‍ മുന്‍ ‍മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവും ഒരു കാലത്ത് നിതീഷിന്റെ സഹചാരിയുമായിരുന്ന ലാലുപ്രസാദ് യാദവ് മരംചാടി കുരങ്ങനെന്നാണ് വര്‍ഷങ്ങള്‍ക്ക് മുമ്പേ വിശേഷിപ്പിച്ചിരുന്നത്. ഇപ്പോഴത്തെ മറുകണ്ടം ചാടലിനെ തുടര്‍ന്ന് നിതീഷിനെ ഓന്തിനോടാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ഉപമിക്കുന്നത്. ശശി തരൂര്‍ വിളിക്കുന്നത് സ്നോളി ഗോസ്റ്റര്‍ (തത്വദീക്ഷയില്ലാത്ത രാഷ്ട്രീയക്കാരന്‍) എന്നാണ്. ‘പല്‍ത്തൂറാം’ എന്ന വിളിപ്പേരാണ് നിതീഷിന് ഏറ്റവും ചേരുന്നതെന്ന് ഇന്ത്യ സഖ്യത്തിലെ ഇതര നേതാക്കളും പറയുന്നു. ഹരിയാനയില്‍ 1967ല്‍ മണിക്കൂറുകളുടെയും ദിവസങ്ങളുടെയും മാത്രം വ്യത്യാസത്തില്‍ പലവട്ടം കൂറുമാറിയ, ‘ആയാറാം ഗയാറാം’ പ്രയോഗത്തിന് കാരണഭൂതനായ സാക്ഷാല്‍ ഗയാ ലാലിനൊപ്പം തോൾപ്പൊക്കം നേടിയിരിക്കുകയാണ് നിതീഷ് കുമാര്‍ 2024 ലെ എന്‍ഡിഎ ചാട്ടത്തിലൂടെ.
അനവരതം കൂറുമാറ്റങ്ങള്‍ നടത്തി ഗയാലാലിനൊപ്പം എത്താന്‍ നിതീഷ് കുമാര്‍ വര്‍ഷങ്ങളായി നിതാന്ത പരിശ്രമത്തിലായിരുന്നുവെന്ന് നാള്‍വഴികള്‍ വ്യക്തമാക്കുന്നു.


ഇതുകൂടി വായിക്കൂ;   ബിൽക്കീസ് ബാനുവിനും ടി ജെ ജോസഫിനും മുന്നിലെ നീതി


റാം മനോഹര്‍ ലോഹ്യയുടെ രചനകള്‍ വായിച്ച് സോഷ്യലിസത്തോട് ആഭിമുഖ്യം കാട്ടുകയും ജയപ്രകാശ് നാരായണന്റെ ‘സമ്പൂര്‍ണ വിപ്ലവ’ പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയും ചെയ്ത നിതീഷ് കുമാര്‍ ജനതാ പാര്‍ട്ടിയിലും പിന്നീട് ജനതാദളിലും സജീവ പ്രവര്‍ത്തകനായി. ലാലുപ്രസാദ് യാദവിന്റെ വിശ്വസ്ത അനുചരനായി നടന്ന നിതീഷ് രണ്ടു വര്‍ഷത്തിനകം പിരിയുകയും ജനതാദള്‍ പിളര്‍ന്നപ്പോള്‍ ജോര്‍ജ് ഫെര്‍ണാണ്ടസിനൊപ്പം സമതാപാര്‍ട്ടിയില്‍ എത്തുകയും ബിജെപിയുമായി ചങ്ങാത്തത്തിലാവുകയുമായിരുന്നു. ആ വകയില്‍ കേന്ദ്രമന്ത്രിയും ബിഹാര്‍ മുഖ്യമന്ത്രിയുമായി. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നരേന്ദ്രമോഡിയെ ബിജെപി പ്രഖ്യാപിച്ചതോടെയാണ് 17 വര്‍ഷത്തെ എന്‍ഡിഎ സഖ്യം ഉപേക്ഷിച്ച് നിതീഷ് എതിര്‍മുന്നണിയിലെത്തുന്നത്. കോണ്‍ഗ്രസും ആര്‍ജെഡിയും ചേര്‍ന്ന് മഹാസഖ്യം ഉണ്ടാക്കി 2015ല്‍ നിതീഷ് ബിഹാര്‍ മുഖ്യമന്ത്രിയായെങ്കിലും 2017ല്‍ ആര്‍ജെഡി നേതാക്കള്‍ക്കെതിരെ അഴിമതിയാരോപണങ്ങള്‍ ഉന്നയിച്ച് മഹാസഖ്യം ഉപേക്ഷിച്ച് എന്‍ഡിഎയിലേക്ക് ചാടുന്ന നിതീഷിനെയാണ് കണ്ടത്. ദേശീയ പൗരത്വനിയമത്തിന്റെ പേരില്‍ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ബിജെപിയുമായി ഇടഞ്ഞ് 2022 ഓഗസ്റ്റില്‍ എന്‍ഡിഎ സഖ്യം വിട്ട് വീണ്ടും മഹാസഖ്യത്തില്‍ മടങ്ങിയെത്തി. 2022ലെ യുപി തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുകയും അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപിക്കെതിരെ 50 ശതമാനത്തിലധികം വോട്ടുനേടുകയും ചെയ്ത സാഹചര്യത്തിലാണ് ‘ഇന്ത്യ’ മുന്നണിയെന്ന ആശയം ഉരുത്തിരിയുന്നത്. വിത്തുപാകിയത് നിതീഷ് തന്നെയായിരുന്നു. പ്രധാനപ്പെട്ട പ്രതിപക്ഷ നേതാക്കളെയെല്ലാം കാണുകയും വിളിച്ചുകൂട്ടുകയും ചെയ്ത നിതീഷ് ‘മുന്നണിയുടെ ആദ്യയോഗം പട്നയില്‍ നടത്തുകയും ചെയ്തു. ഇന്ത്യ മുന്നണി നിതീഷിന്റെ കണ്‍വീനര്‍ സ്ഥാനം ഉറപ്പിക്കുന്നതില്‍ കാലതാമസം വരുത്തുകയും മമതാ ബാനര്‍ജി എതിര്‍പ്പ് ഉയര്‍ത്തുകയും അവരെ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ചില സഖ്യകക്ഷികള്‍ ആവശ്യമുന്നയിക്കുകയും ചെയ്തതോടെയാണ് നിതീഷ് എന്‍ഡിഎയിലേക്ക് ചാടിയിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പേര് പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിർദേശിക്കപ്പെട്ടതും കാരണമായിരിക്കാം.


ഇതുകൂടി വായിക്കൂ;   അന്ധകാരപ്പരപ്പിലെ അന്ധൻമാർ


എന്‍ഡിഎയ്ക്കൊപ്പം കൂടുന്നതിലും ഭേദം മരണമാണെന്ന് 2023 ജനുവരി 30ന് നിതീഷ് കുമാര്‍ പറഞ്ഞിരുന്നു. അതേയാളാണ് 2024 ജനുവരി 28ന് രാജിവച്ച് എന്‍ഡിഎയുടെ ഭാഗമായതും ഒമ്പതാം തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതും. ഇപ്പോഴത്തെ ചാട്ടത്തില്‍ നിതീഷിന് വലിയ ന്യായീകരണമൊന്നും നിരത്താനായിട്ടില്ല. ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വം, ഭാരതരത്ന തുടങ്ങിയ ഗൂഢമോഹങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ മുന്നില്‍ പഴുതുകളൊന്നും പ്രത്യക്ഷമാകുന്നില്ലെന്ന് കണ്ടാവണം ഇത്തവണത്തെ ചാട്ടം. ബിജെപി അയോധ്യയില്‍ രാമക്ഷേത്രം തുറന്ന് വൈകാരിക രാഷ്ട്രീയത്തിന് തീകൊളുത്തിയതും ഇന്ത്യ മുന്നണിയിലെ സമവായമില്ലായ്മയും സ്ഥിതി അനുകൂലമാക്കില്ലെന്ന നിഗമനത്തിലാകാം സംസ്ഥാന രാഷ്ട്രീയത്തിലേക്കൊതുങ്ങാന്‍ തീരുമാനിച്ചത്. ജാതിവിവേചനങ്ങള്‍ക്കും സാമൂഹിക നീതിക്കുമായി പോരാടി ഒടുവില്‍ എല്ലാവരാലും വിസ്മരിക്കപ്പെട്ട ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പ്പൂരി ഠാക്കൂറിന് കേന്ദ്ര സര്‍ക്കാര്‍ ഭാരതരത്നം പ്രഖ്യാപിച്ചതോടെ നിതീഷിന്റെ ഉള്ളില്‍ ലഡു പൊട്ടിയിരിക്കണം. ഭാരതരത്ന എങ്കില്‍ അങ്ങനെ, മുഖ്യമന്ത്രിക്കസേരയുടെ തുടര്‍ച്ചയെങ്കില്‍ അങ്ങനെ എന്നാകും ഈ മൂല്യമുക്ത പ്രായോഗിക രാഷ്ട്രീയക്കാരന്റെ മനോരഥം. (എൽ കെ അഡ്വാനിയും ഭാരതരത്നയായതോടെ പ്രതീക്ഷകൾ അകതാരിൽ മൊട്ടിടാൻ തുടങ്ങിയിട്ടുണ്ടാവും). നിതീഷ് കുമാര്‍ എന്ന ഈ ആര്‍ത്തിക്കാരന്റെ ഇപ്പോഴത്തെ ചാട്ടം പടുകുഴിയിലേക്കാണോ, ബിജെപിയുടെ ഏറാൻമൂളിയാകാനാണോ എന്നൊക്കെ കാലമാണ് തെളിയിക്കേണ്ടത്. ജാതി സെന്‍സസോ, ജനാധിപത്യമോ, രാജ്യത്ത് ശക്തമായ പ്രതിപക്ഷത്തിന്റെ ആവശ്യകതയോ ഒന്നും അദ്ദേഹത്തിന് ഇപ്പോൾ പ്രശ്നമാകുന്നില്ല. വര്‍ഗീയ വൈകാരിക രാഷ്ട്രീയത്തിലൂടെ അധികാരം കയ്യാളുന്നവര്‍ക്ക് സമഗ്രാധിപത്യത്തിലേക്കുള്ള ദൂരം കുറവായിരിക്കും. അവിടെ പ്രതിരോധത്തിന് കരുക്കളില്ലാതെ വിഷമിക്കുന്നത് പ്രതിപക്ഷമായിരിക്കും. മങ്ങലേൽക്കുന്നത് ജനാധിപത്യത്തിനായിരിക്കും . നിതീഷ് കുമാറിനെപ്പോലുള്ള നേതാക്കള്‍ പ്രതിലോമ പ്രവണതകള്‍ക്ക് ആക്കം കൂട്ടുന്നു.

മാറ്റൊലി

“ഒരു യഥാര്‍ത്ഥ ജനാധിപത്യവാദി തീര്‍ത്തും നിസ്വാര്‍ത്ഥനായിരിക്കണം. അവന്‍/ അവൾ ചിന്തിക്കുകയും സ്വപ്നം കാണുകയും ചെയ്യേണ്ടത് സ്വന്തം അല്ലെങ്കില്‍ പാര്‍ട്ടിയുടെ അടിസ്ഥാനത്തിലല്ല. മറിച്ച് ജനാധിപത്യത്തെക്കുറിച്ചാണ്”.
— ഗാന്ധിജി

Exit mobile version